SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

കാന നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി,​ 8 പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടി

g

തുറവൂർ: അരൂർ–തുറവൂർ ഉയരപ്പാതയുടെ കാന നിർമ്മാണത്തിനിടെ വീണ്ടും ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി. ഇതോടെ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മാക്കേ കവലയിലെ ശുദ്ധീകരണശാലയിൽനിന്ന് തീരദേശമേഖലകൾ ഉൾപ്പെടുന്ന വടക്കൻ പഞ്ചായത്തുകളിലുള്ള ജലസംഭരണികളിലേക്ക് കുടിവെള്ളമെത്തിക്കുന്ന 500 എം.എം വ്യാസമുള്ള ജി.ആർ.പി പൈപ്പാണ് പൊട്ടിയത്. ഉയരപ്പാതയിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി പാതയോരത്ത് കാന നിർമിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് തകർന്നത്. ഇതോടെ ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. തുറവൂർ കവല മുതൽ പൊന്നാമ്പിളി വരെ സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിലേക്ക് കണക്ഷനുകൾ മാറ്റുന്നതിനായി 22 മുതൽ 28 വരെ എട്ടു പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. തുടർച്ചയായുണ്ടാകുന്ന പൈപ്പ് പൊട്ടൽ തീരദേശവാസികൾക്ക് വലിയ ദുരിതമായിട്ടുണ്ട്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കാന നിർമിക്കുമ്പോൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് പൈപ്പ് പൊട്ടലിന് കാരണമാകുന്നതെന്ന ആക്ഷേപം ശക്തമാണ്.

വെള്ളം ശേഖരിക്കാൻ

അവസരമൊരുക്കും

ജല അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി,​ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊട്ടിയ ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും ലാമിനേഷൻ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. ഇന്ന് രാവിലെ പമ്പിംഗ് പുനരാരംഭിക്കുമെന്നും വൈകിട്ടോടെ വെള്ളമെത്തിത്തുടങ്ങുമെന്നും ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 22 മുതൽ ആറു ദിവസത്തേക്ക് വീണ്ടും കുടിവെള്ള വിതരണം തടസ്സപ്പെടാനിരിക്കെ, അതിനു മുമ്പായി വെള്ളം ശേഖരിച്ചുവയ്ക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്നും ഇതിനായി ഇന്ന് മുതൽ 22 അർധരാത്രിവരെ പമ്പിംഗ് നടത്തുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL