SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

നെല്ല് സംഭരണത്തിൽ ഇടഞ്ഞ് മില്ലുകൾ

ആലപ്പുഴ: നെല്ല് സംഭരണത്തിൽ നെല്ല് - അരി അനുപാതത്തിൽ (ഔട്ട് ടേൺ റേഷ്യോ) ഇടഞ്ഞ് മില്ലുകൾ. ഔട്ട് ടേൺ റേഷ്യോ പുതുക്കി നിശ്ചയിക്കണമെന്ന നിലപാട് ആവർത്തിക്കുന്ന മില്ലുടമകൾ,​ നെല്ല് സംഭരണത്തിനുള്ള കരാറൊപ്പിടാൻ വിസമ്മതിക്കുന്നത് കുട്ടനാടുൾപ്പെടെ നെല്ല് സംഭരണം അവതാളത്തിലാക്കി. കഴിഞ്ഞ സീസണിൽ നെല്ല് സംഭരണത്തിന് 44 മില്ലുകൾ തയ്യാറായെങ്കിൽ ഇത്തവവണ ഇതുവരെ 24 മില്ലുകളാണ് സന്നദ്ധരായെത്തിയത്. ഒന്നാംവിളയുടെ കൊയ്ത്ത് തുടങ്ങിയതിന് പിന്നാലെ തുലാവർഷം ശക്തിപ്പെടുന്ന സാഹചര്യം ഭീതിക്ക് കാരണമായിട്ടുണ്ട്. ഒന്നാംവിളയുടെ സംഭരണ രജിസ്‌ട്രേഷൻ സെപ്തംബർ 30ന് അവസാനിച്ചിട്ടും നെല്ല് സംഭരണ നയമോ,​ ഔട്ട് ടേൺ അനുപാതമോ പ്രഖ്യാപിക്കാൻ സർക്കാർ കൂട്ടാക്കാത്തത് ഈവർഷത്തെ ആദ്യസീസണിൽ തന്നെ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കരിനിലങ്ങളിലേതുൾപ്പെടെ കൊയ്ത്ത് നടക്കാനിരിക്കെ മില്ലുകാരുടെ നിസഹകരണം നെല്ല് സംഭരണത്തെ കാര്യമായി ബാധിക്കും. മില്ലുകൾ കുറവായതിനാൽ കർഷകരുടെ വിലപേശൽ അസാദ്ധ്യമാകുകയും ഈർപ്പത്തിന്റെയും പതിരിന്റെയും പേരിൽ മില്ലുകൾ ചൂഷണം തുടരുകയും ചെയ്യാനാണ് സാദ്ധ്യത.

ഔട്ട് ടേൺ റേഷ്യോ കീറാമുട്ടി

1. മില്ലുടമകൾ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റൽ നെല്ലിന് സപ്ലൈ കോയ്ക്ക് കൈമാറേണ്ട അരിയുടെ അനുപാതമാണ് ഔട്ട് ടേൺ റേഷ്യോ

2. കുട്ടനാട്ടിൽ ഔട്ട് ടേൺ റേഷ്യോ 66.5 കിലോയാണ്. എന്നാൽ കുട്ടനാട്ടിലെ നെല്ലിൽനിന്ന് ഇത്രയും അരി നൽകാനാകില്ലെന്നും നഷ്ടം വരുന്നതിനാൽ 64 കിലോയാക്കി ക്രമീകരിക്കണമെന്നതാണ് മില്ലുകാരുടെ ആവശ്യം

3. കഴിഞ്ഞ സീസണിലും കുട്ടനാടുൾപ്പെടെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 64.5 കിലോയും പാലക്കാടും തൃശൂരും ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ 68 കിലോയുമാണ് സർക്കാർ തീരുമാനിച്ചത്

4.ഇതനുസരിച്ചാണ് കഴിഞ്ഞ വർഷം നെല്ല് സംഭരണം പൂർത്തിയാക്കിയത്. എന്നാൽ,​ ഔട്ട് ടേൺ റേഷ്യോയിൽ മില്ലുകാർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പണം നൽകിയില്ല. അതിനിടെയാണ് നെല്ല് സംഭരണത്തിലേക്ക് സർക്കാരും സപ്ളൈകോയും നീങ്ങിയത്

.....................................................................................................................

അരിവീഴ്ച കുറഞ്ഞ കുട്ടനാട്ടിലേതുൾപ്പെടെ നെല്ല് നിലവിലെ ഔട്ട്ടേൺ റേഷ്യോ പ്രകാരം സംഭരിക്കുന്നത് മില്ലുകൾക്ക് വൻ നഷ്ടത്തിനിടയാക്കും. കഴിഞ്ഞ വർഷത്തെ ഔട്ട് ടേൺ റേഷ്യോ കുടിശിക നൽകാനും സർക്കാർ തയ്യാറായിട്ടില്ല

- റൈസ് മിൽ ഓണേഴ്സ് അസോ.

മില്ലുകാരും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണിത്. ഔട്ട് ടേൺ റേഷ്യോയോ,​ സംഭരണ നയമോ നെല്ലിന്റെ പുതുക്കിയ വിലയോ പ്രഖ്യാപിക്കാതെ മില്ലുകാർക്ക് കർഷകരെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയാണ് സർക്കാർ

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL