ആലപ്പുഴ : ആളുകൾ കൂട്ടത്തോടെയെത്തുന്ന ആരാധനാലയ പരിസരങ്ങളിൽ ടോയ്ലറ്റ് ഉറപ്പാക്കാനുളള ശുചിത്വ മിഷന്റെ പദ്ധതി പരിപാലനച്ചുമതലയെയും മേൽനോട്ടത്തെയും ചൊല്ലിയുള്ള തർക്കത്തിൽ കുടുങ്ങി. പൊതുഇടങ്ങൾ മലമൂത്ര വിസ
ർജ്ജ്യരഹിതമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദേവസ്വം ക്ഷേത്രങ്ങളുൾപ്പെടെ ആളുകൾ കൂട്ടത്തോടെയെത്തുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും ടോയ്ലറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് തുടങ്ങും മുമ്പേ തർക്കത്തിൽ അവസാനിച്ചത്.
ടോയ്ലറ്റ് നിർമ്മാണത്തിനാവശ്യമായ ഭൂമി ശുചിത്വ മിഷന് ആരാധനാലയങ്ങൾ കൈമാറിയാൽ നിർമ്മാണത്തിനാവശ്യമായ തുകയുടെ 70 ശതമാനം ലഭ്യമാക്കും. 30ശതമാനം പണം തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കണം. 30ശതമാനം തുക ചെലവഴിക്കുമ്പോൾ ടോയ്ലറ്റുകളുടെ പരിപാലനവും ജീവനക്കാരുടെ മേൽനോട്ടവും തങ്ങൾക്ക് വേണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്.
ചേർത്തല ബസ് സ്റ്റാന്റിന് സമീപത്തെ ക്ഷേത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി പാളിയതിന് പിന്നാലെ ജില്ലാ പഞ്ചായത്തോ തദ്ദേശ സ്ഥാപനങ്ങളോ പദ്ധതിയ്ക്ക് താൽപ്പര്യം കാട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പരിപാലന ചുമതലയും അവിടുത്തെ ജീവനക്കാരുടെ നിയമനവും നിയന്ത്രണവും തങ്ങൾക്ക് വേണമെന്നാണ് ചേർത്തല നഗരസഭയുൾപ്പെടെ ഇക്കാര്യത്തിൽ നിലപാടെടുത്തത്. ടോയ്ലറ്ര് നിർമ്മിക്കുന്നതിനുളള ചുമതല പൂർണമായും ശുചിത്വമിഷന് കൈമാറണമെന്ന നിബന്ധനയിൽ, സ്വകാര്യ ട്രസ്റ്രുകളുടെ ഉൾപ്പെടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങൾക്കും വിയോജിപ്പുണ്ട്. ജില്ലാ പഞ്ചായത്തിൽ പലതവണ ഈവിഷയം ചർച്ചയ്ക്ക് വന്നെങ്കിലും ഒരു ആരാധനാലയത്തിന് പോലും ശുപാർശ നൽകാൻ തയ്യാറായിട്ടില്ല.
പരിപാലനച്ചുമതലയെപ്പറ്റി തർക്കം
പദ്ധതി തർക്കത്തിൽ കുടുങ്ങിയതോടെ കേന്ദ്ര സർക്കാരിൽ നിന്നും ഇതിനായി അനുവദിച്ച പണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്
പൊതുസ്ഥലങ്ങളിൽ മതിയായ ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാൽ സ്ത്രീകളുൾപ്പെടെയുള്ളവർ പരക്കം പായുമ്പോഴാണ് പദ്ധതികൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നത്
സർക്കാർ തലത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യമുയരുന്നത്
പരിപാലനച്ചുമതലയുടെ പേരിലുള്ള തർക്കമാണ് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ട് വരാത്തതിന് പിന്നിൽ. ചേർത്തലയിലുൾപ്പെടെ പദ്ധതി തടസപ്പെടുന്ന സ്ഥിതിയാണ്. ഭൂമി വിട്ടുനൽകാൻ തയ്യാറാറായാൽ, ആളുകൾ കൂട്ടത്തോടെയെത്തുന്ന ഏത് ആരാധനാലയത്തിനും ടോയ്ലറ്റ് നിർമ്മാണത്തിന് 70 ശതമാനം തുക നൽകും
- ശുചിത്വ മിഷൻ ഡയറക്ടറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |