
ആലപ്പുഴ: ദേശീയപാതയിൽ പുറക്കാടിന് സമീപം മണയ്ക്കൽ പാടത്തെ 660.9ഏക്കർ സ്ഥലത്ത് എയിംസ് വരുമോ? പരിഗണിക്കാമെന്ന് നിയമസഭയിൽ ജി.സുധാകരൻ എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യവകുപ്പ് മന്ത്രി നൽകിയ മറുപടിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ആലപ്പുഴ.
ഭൂമിയുടെ സാദ്ധ്യതകളെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകാമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചത്. പുറക്കാട് ഗ്രാമപഞ്ചായത്തിലെ 6,17,13 വാർഡുകളുൾപ്പെട്ടതാണ് മണയ്ക്കൽ പാടശേഖരം. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനംവച്ചുപിടിപ്പിക്കാനായാണ് 1991ൽ അന്നത്തെ കെ.കരുണാകരൻ സർക്കാർ നെല്ല് വിളഞ്ഞിരുന്ന 650 ഏക്കർ മണക്കൽ പാടശേഖരം ഏറ്റെടുത്തത്. എന്നാൽ, മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി നടപ്പായില്ല. പിന്നീട് വി.എസ് സർക്കാരിന്റെ കാലത്ത് നാലരക്കോടിയോളം രൂപ മുടക്കിൽ ഐ.ടി പാർക്കിനായി ഇവിടെ 100 ഏക്കർ മണ്ണിട്ട് ഉയർത്തി ശിലാസ്ഥാപനം നടത്തിയെങ്കിലും കേന്ദ്ര പരിസ്‌ഥിതി മന്ത്രായത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതും കടലാസിലൊതുങ്ങി. പിന്നീട് മാറി മാറി വന്ന സർക്കാരുകൾ ഇക്കോ ടൂറിസം, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് മീൻ വളർത്തൽ, ഇൻഫോപാർക്ക്, കാർഷിക ഗവേഷണ കേന്ദ്രം എന്നിങ്ങനെയുള്ള പല പദ്ധതികളും പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാർ 2024 ഒക്ടോബർ 21ന് കേരള വനം വന്യജീവി വകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ നഴ്‌സറിയുടെ ഉദ്ഘാടനവും നടത്തി. ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതല്ലാതെ ഒരു പ്രയോജനമുണ്ടായില്ല. കർഷകരിൽ നിന്നേറ്റെടുത്ത നിലം ഇപ്പോൾ ഇഴജന്തുക്കളുടെ വാസസ്ഥാനമാണ്.എയിംസിനായി പരിഗണിക്കപ്പെട്ടാൽ സർക്കാർ ഭൂമി കാടുകയറി നശിക്കുന്നതൊഴിവാകുന്നതിനൊപ്പം ഇത്രയും ഭൂമി ഏറ്രെടുക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യതയും ഒഴിവാകും
സാദ്ധ്യതയെപ്പറ്റി കളക്ടർ റിപ്പോർട്ട് നൽകും
മണക്കൽ പാടശേഖരത്തോട് ചേർന്ന് 224 ഏക്കർ കൂടി ഏറ്റെടുത്താൽ എയിംസിനാവശ്യമായ ഭൂമി ഉറപ്പാക്കാനാകും.
കോട്ടയം(വെള്ളൂർ),കാസർകോട് (പെരിയ), തൃശൂർ(ചാലക്കുടി) എന്നിവിടങ്ങളാണ് നിലവിൽ എയിംസിനായി സജീവ പരിഗണനയിലുള്ളത്
ആലപ്പുഴയിൽ നേരത്തെ ചേർത്തല പള്ളിപ്പുറവും നൂറനാട് ലെപ്രസി സാനട്ടോറിയവും പരിഗണിച്ചെങ്കിലും തീരുമാനമായിരുന്നില്ല
പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ മണയ്ക്കൽ പാടശേഖരത്തിന്റെ അനുയോജ്യത സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് നൽകും
റിപ്പോർട്ട് അനുകൂലമായാൽ സർക്കാർ ഈ പ്രദേശവും കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും
അനുകൂല ഘടകങ്ങൾ
ദേശീയപാത 66-ൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം ദൂരം. പുറക്കാട് ജംഗ്ഷൻ, ഇല്ലിച്ചിറ റോഡ് വഴിയും കരുവാറ്റ-കരുമാടി ബൈപാസ് വഴിയും ഇവിടേക്ക് എളുപ്പത്തിൽ എത്താം. ജനവാസ മേഖലയല്ലാത്തതിനാൽ ആളുകളെ ഒഴിപ്പിക്കേണ്ടി വരുന്നില്ല.
മണയ്ക്കൽ പാടശേഖരം
660.9 ഏക്കർ
ജി.സുധാകരൻ എം.എൽ.എയുടെ ആത്മാർത്ഥമായ ഇടപെടലാണ് മണയ്ക്കൽ പ്രദേശം എയിംസിനായി പരിഗണിക്കാനിടയാക്കിയത്. ദേശീയ പാതയുടെ സാന്നിദ്ധ്യവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയും കെ.സി വേണുഗോപാൽ എം.പിയുടെ സഹായവും പദ്ധതിക്ക് പ്രയോജനപ്പെടുത്താനാകും
- ബിൻസിമോൻ , പുറക്കാട് സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |