തുറവൂർ: സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (പി.എം.ഇ.ജി.പി.) കേരളത്തിൽ പ്രതിസന്ധിയിൽ. സബ്സിഡി ആനുകൂല്യത്തിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ തുറക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് സംരംഭകരാണ് പ്രതിസന്ധിയിലായത്.
കേരളത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ (കെ.വി.ഐ.ബി.) സംവിധാനത്തിലൂടെയുള്ള അപേക്ഷാ നടപടികളാണ് തടസ്സപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി വിവിധ ഘട്ടങ്ങളിൽ അപേക്ഷാ നടപടികൾ തടസ്സപ്പെട്ടതായി പരാതിയുണ്ട്. കേന്ദ്ര സബ്സിഡി പ്രതീക്ഷിച്ച് ബാങ്ക് വായ്പയ്ക്കും സംരംഭങ്ങൾക്കാവശ്യമായ കെട്ടിട സൗകര്യങ്ങൾ ഒരുക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുമെല്ലാം തയ്യാറെടുത്തവരാണ് ഇതോടെ ദുരിതത്തിലായത്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനും ചെറുകിട സംരംഭങ്ങളിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ വന്നതോടെ നിരവധി പേരുടെ സംരംഭകസ്വപ്നങ്ങൾ അനിശ്ചിതത്വത്തിലായി.
പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. കേരള ഖാദി ബോർഡിന്റെ ഓൺലൈൻ പോർട്ടൽ ഉടൻ തുറന്ന് പുതിയ അപേക്ഷകൾ സ്വീകരിക്കാനും അർഹരായ സംരംഭകർക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |