
തുറവൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് സംഭവിച്ച ഉയർന്ന കയറ്റിറക്കുകൾ വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കെൽട്രോൺ കവല ഇതിനകം അപകടക്കെണിയായി മാറിക്കഴിഞ്ഞു.
അരൂർ -കെൽട്രോൺ റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്ത് കുത്തനെയുള്ള കയറ്റം കയറിയിറങ്ങി വേണം വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും. ഉയരവ്യത്യാസം കാരണം ഈ ഭാഗത്ത് വാഹനങ്ങളെ നിയന്ത്രിക്കാൻ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുന്നത് ഇവിടെ പതിവാണ്. വലിയ വാഹനങ്ങൾ കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുളുന്നത് മറ്റു വാഹനങ്ങളിൽ ഇടിക്കാൻ ഇടയാക്കുന്നു. വാഹനങ്ങൾ കുത്തനെ കയറിയിറങ്ങുന്നതിനാൽ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. ഉയർന്ന കയറ്റിറക്കുകൾ കാരണം റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. കെൽട്രോൺ–കുമ്പളങ്ങി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം വർധിച്ചതും ദുരിതം ഇരട്ടിയാക്കുന്നു. അപകടസാധ്യത നിലനിൽക്കുന്ന ഭാഗത്തെ അപാകത പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |