ആലപ്പുഴ: ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച കാപ്പാക്കേസ് പ്രതികളെ 3 വർഷം തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പൊക്കലയിൽ വീട്ടിൽ കണ്ണപ്പനെന്ന ഉദീഷ്(25) മണ്ണഞ്ചേരി തൗഫീഖ് മൻസിലിൽ ഹാഷിം (28) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി (3) ജഡ്ജി സുഹൈബ്.എം ശിക്ഷിച്ചത്.
2019 ജൂലായ് 7ന് വൈകിട്ട് 5നായിരുന്നു സംഭവം.മണ്ണഞ്ചേരി കാരോച്ചിറ വീട്ടിൽ
ഉണ്ണികൃഷ്ണനോട് (40) പ്രതികൾ പണം ആവശ്യപ്പെടുകയും കൊടുക്കാത്തതിന്റെ വിരോധത്തിൽ ഇരുവരും ചേർന്ന് ഉപദ്രവിക്കുകയും തടസം പിടിക്കാനെത്തിയ ബന്ധുക്കളായ അജയൻ, ചന്ദ്രബാബു, ശിവരാജൻ എന്നിവരെ കല്ലുകൊണ്ട് ആക്രമിക്കുകയും അജയന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മ കമലാക്ഷിയെ തള്ളിയിടുകയും ചന്ദ്രബാബുവിന്റെ മകളെ അസഭ്യം പറയുകയും മുറ്റത്ത് കിടന്ന ഓട്ടോറിക്ഷയുടെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.
മണ്ണഞ്ചേരി എസ്.ഐയായിരുന്ന കെ.രാജൻ ബാബു ചാർജ് ചെയ്ത കേസിൽ
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷാരി എൻ.ബിയും അഡ്വ. സമീനയും ഹാജരായി. സി.പി.ഒമാരായ അമൽ.സി, ശ്യം.ആർ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |