
അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണും പുറത്ത് മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്ന് മാസം എട്ട് കഴിഞ്ഞിട്ടും ഒരു കുടുംബത്തിന് പോലും കയറി താമസിക്കാനായില്ല. 84 കുടുംബങ്ങൾക്ക് സുരക്ഷിത താവളം എന്നുപറഞ്ഞാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആദ്യഘട്ട ഉദ്ഘാടനം നടത്തിയത്. ആദ്യ ഉപഭോക്താവായ ഗോപാലസ് സഫലം അഞ്ച് എ ഒന്ന് എന്ന ഫ്ലാറ്റിലെ അടുക്കളയിൽ പാലുകാച്ചി കൊണ്ട് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
എന്നാൽ, ഫ്ലാറ്റിലെ ഒരു വീട്ടിൽ പോലും മത്സ്യതൊഴിലാളികൾക്ക് ഇതുവരെ താമസിക്കാനായിട്ടില്ല. നിർമ്മാണം പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് മാമാങ്കമാണ് സർക്കാർ നടത്തുന്നത് കാട്ടി യു.ഡി.എഫ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നിരുന്നു. യഥാർത്ഥ ഗുണഭോക്താക്കൾക്കല്ല ഫ്ലാറ്റുകൾ നൽകുന്നതെന്ന ആക്ഷേപവും അന്നേ ഉയർന്നിരുന്നു. നിർമ്മാണത്തിലെ നിലവാരമില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വലിയ തോതിൽ ചർച്ചയായിരുന്നു.
എന്തായാലും, നൂറു കണക്കിന് മത്സ്യതൊഴിലാളികൾക്ക് ആശ്വാസമാകേണ്ട പാർപ്പിട പദ്ധതിയാണ് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ
# റവന്യു വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ 3 ഏക്കർ 48 സെന്റിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയിൽ ആകെ 204 വീടുകളാണ് വിഭാവന ചെയ്തിരിക്കുന്നത്. ഇതിൽ 84 വീടുകളുടെ ഉദ്ഘാടനമാണ് നടത്തിയത്
# കടലാക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് പുറമ്പോക്കുകളിലും വാടക വീടുകളിലും കഴിയുന്ന പുറക്കാട്, അമ്പലപ്പുഴ മേഖലകളിലെ മത്സ്യതൊഴിലാളികൾ വളരെ പ്രതീക്ഷയോടെയാണ് പദ്ധതിയെ കണ്ടിരുന്നത്
# 2019ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പല തവണ തടസപ്പെട്ടു. 2019ൽ അന്നത്തെ അമ്പലപ്പുഴ എം.എൽ.എയും മന്ത്രിയുമായിരുന്ന ജി.സുധാകരൻ മുൻകൈ എടുത്താണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഉദ്ഘാടന വേളയിൽ ശിലാഫലകം മാറ്റിയതും ഇതിനെതിരെ ജി.സുധാകരൻ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതും വിവാദമായിരുന്നു
പാർപ്പിട സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുനൽകാത്തത് തീരദേശ ജനതയോടുള്ള വഞ്ചനയാണ്. കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാതെ പദ്ധതി വൈകിപ്പിക്കുന്നത് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളോടുള്ള ക്രൂരതയാണ്.
-ബൻസി മോൻ തുരുത്തുമാലിൽ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |