SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

തീരാദുരിതത്തിൽ കുഞ്ഞ് ഇസാൻ

ആലപ്പുഴ : രണ്ടാം പിറന്നാളിലേക്ക് അടുക്കുമ്പോഴും അസാധാരണ വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന്റെ ജീവിതം തീരാദുരിതത്തിൽ. കടുത്ത ശ്വാസംമുട്ടലും ന്യുമോണിയയും ബാധിച്ച കുഞ്ഞ് കഴിഞ്ഞ പതിനാറ് ദിവസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. ഓക്സിജൻ ലെവൽ താഴ്ന്നുപോകുന്ന അവസ്ഥയിലാണ്.

ഈ മാസം 8ന് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിന്റെയും സുറുമിയുടെയും മകൻ ഇസാന് രണ്ട് വയസ് പൂർത്തിയാകും. ഗർഭകാലത്തെ സ്കാനിംഗ് അടക്കമുള്ള വിദഗദ്ധ പരിശോധനകളിൽ വൈകല്യങ്ങൾ തിരിച്ചറിയപ്പെടാതെയാണ് 2024 നവംബർ എട്ടിന് കുഞ്ഞ് പിറന്നത്. കടപ്പുറം വനിതാ ശിശു ആശുപത്രിയിലായിരുന്നു ചികിത്സയെങ്കിലും പ്രസവ സമയത്ത് സുറുമിക്ക് ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. ജനിച്ച ദിവസം മുതൽ ശരീരത്തിന്റെ ഭാഗമായി തീർന്ന ട്യൂബ് വഴിയാണ് കുഞ്ഞ് ഇപ്പോഴും മുലപ്പാൽ കുടിക്കുന്നത്. കണ്ണും വായും തുറക്കാത്ത, ജനനേന്ദ്രിയം പൂർണമല്ലാത്ത, കൈകാലുകൾ വളഞ്ഞ, ആന്തരികാവയവങ്ങൾക്ക് വളർച്ചയില്ലാത്ത നിലയിലായിരുന്നു ഇസാന്റെ ജനനം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ബോർ‌ഡ് ചേർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കുഞ്ഞ് ആൺകുട്ടിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്നാണ് ഇസാൻ എന്ന് പേരിട്ടത്. എം.ആർ.ഐ പരിശോധനയിൽ തലച്ചോറിന് പ്രവർത്തനമില്ലെന്നും, കേൾവി, കാഴ്ച ശക്തികളില്ലെന്നും വ്യക്തമായി.

ഡോക്ടർമാർക്കെതിരെ

അച്ചടക്ക നടപടിയില്ല

കുട്ടിയും കുടുംബവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട ഡോക്ടർമാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടപ്പുറം ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുകളായ ഡോ.സി.വി.പുഷ്പകുമാരി, ഡോ.കെ.ഐ.ഷേർളി എന്നിവർക്കെതിരെയാണ് നടപടി ശുപാർശയുണ്ടായത്. സർക്കാർ മാറിയതോടെ മുമ്പ് സി.എം പോർട്ടലിൽ നൽകിയ പരാതി വീണ്ടും സമർപ്പിക്കണമെന്നാണ് അനീഷിന് ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് നിന്നൊരു അന്വേഷണ ഉദ്യോഗസ്ഥ കാര്യങ്ങൾ നേരിൽ പരിശോധിക്കാൻ എത്തിയിരുന്നതായി കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL