ആലപ്പുഴ : സർക്കാർ തുക അനുവദിച്ചിട്ടും സാങ്കേതികക്കുരുക്കിൽ കുടുങ്ങി സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനവിതരണം വൈകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാസങ്ങളോളം വേതനം ലഭിക്കാതിരുന്നതോടെ സമരം ചെയ്താണ് തൊഴിലാളികൾ കുടിശിക നേടിയെടുത്തത്. പുതിയ സർക്കാർ കൃത്യമായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ട്രഷറിയിലെ സാങ്കേതികതടസം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്.
ബാങ്കുകൾ വഴി നടന്നിരുന്ന ഫണ്ട് വിതരണം പുതിയ ട്രഷറി സംവിധാനത്തിലേക്ക് (ബിംസ്) മാറിയതാണ് പ്രതിസന്ധിക്ക് കാരണം. സ്കൂളുകൾ കൂടുതലുള്ള ഉപജില്ലയിലാണ് പ്രതിസന്ധി ഗുരുതരം. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നാണ് സ്കൂൾ പാചകത്തൊഴിലാളികൾ. മിനിമം കൂലി പ്രതിദിനം 1300രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കേന്ദ്രനിയമ പ്രകാരം 1000രൂപയാണ് പ്രതിമാസ ഓണറേറിയം. 600രൂപ കേന്ദ്രവും 400രൂപ സംസ്ഥാനവും നൽകണം. എന്നാൽ, 20ദിവസം ജോലി ചെയ്താൽ ദിവസം 650രൂപ നിരക്കിൽ 13000രൂപ സംസ്ഥാനം നൽകിയിരുന്നു. കേന്ദ്രനിയമ പ്രകാരമുള്ള 1000രൂപ ഉൾപ്പെടെയാണിത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ദിവസക്കൂലി 25രൂപ വർദ്ധിപ്പിച്ച് 675രൂപയാക്കിയിരുന്നു. ഇങ്ങനെ 675രൂപയും പുതിയ സർക്കാർ പ്രഖ്യാപിച്ച 1000രൂപയും ചേർത്ത് ഒരുമാസം 14500രൂപ ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. സ്കൂളുകളിൽ 500വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഒരാളെക്കൊണ്ട് സാധിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഈ അദ്ധ്യയനവർഷം 150 തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്.
ട്രഷറിയിൽ സാങ്കേതിക തടസം
10ലക്ഷത്തിലധികമുള്ള തുക ട്രഷറിയിൽ നിന്ന് റിലീസ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നതാണ് തൊഴിലാളികളെ വലയ്ക്കുന്നത്
ഈ നിബന്ധന നിലനിൽക്കുന്നതിനാൽ പല എ.ഇ.ഒ ഏഫീസുകളിൽ നിന്നും വേഗതയിലുള്ള നടപടികൾ സ്വീകരിക്കുന്നില്ല
ഇതിനാൽ ഒരുമാസത്തോളം വേതനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ
നവംബർ ആരംഭിച്ച് ഒരാഴ്ച ആവാറായിട്ടും ഒക്ടോബർ മാസത്തെ ശമ്പളം ഇതുവരെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല
അംഗീകൃത പാചക തൊഴിലാളികൾ : 13177
നിലവിൽ ജോലി ചെയ്യുന്നവർ : 20000
ദിവസ ശമ്പളം: ₹675
ഉത്സവബത്ത: ₹1450
അവധിക്കാല അലവൻസ്: ₹2000
പാചകത്തൊഴിലാളികളുടെ വേതനം ഉപാധികളില്ലാതെ ട്രഷറിയിൽ നിന്ന് റിലീസ് ചെയ്യുകയും എ.ഇ.ഒ ഓഫീസുകളിലെ നടപടികളിലെ കാലതാമസം ഒഴിവാക്കുകയും ചെയ്യണം. അഞ്ചാംതീയതിക്ക് മുമ്പ് വേതനം ലഭിക്കുന്നതിന് സാഹചര്യം ഒരുക്കണം.
പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യുസി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |