ആലപ്പുഴ: വിവിധ ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. 'ഓപ്പറേഷൻ വെൽഫെയർ ഫണ്ട്' എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ തൊഴിലാളി ക്ഷേമനിധി ബോർഡ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എന്നീ ഓഫീസുകളിലായിരുന്നു പരിശോധന. അർഹരായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വൈകുന്നതായും അനർഹർ വ്യാജരേഖചമച്ചും കൈക്കൂലി നൽകിയും പെൻഷനും ആനുകൂല്യങ്ങളും നേടുന്നതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധന. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും ശേഖരിക്കുന്ന വിഹിതത്തിന്റെ വിനിയോഗം, മരിച്ചവരുടെ പെൻഷൻ, ഫണ്ട് വകമാറ്റൽ തുടങ്ങിയ ക്രമക്കേടുകൾ ചില ഓഫീസുകളിൽ കണ്ടെത്തിയതായാണ് സൂചന.
ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം വരെ നീണ്ടു. ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി സാജു വർഗീസ്, ഇൻസ്‌പെക്ടർമാരായ സജു എസ്. ദാസ്, നിസാമുദ്ദീൻ, സിജിൻ മാത്യു, നിസാം, ഷൈജു ഇബ്രാഹിം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |