SignIn
Kerala Kaumudi Online
Saturday, 24 October 2026 6.51 PM IST

മത്തി വളരാൻ കടൽ സജ്ജം: കുഞ്ഞിലേ കൊല്ലാക്കൊല

kochii

കൊച്ചി: മത്തിയുടെ തിരിച്ചുവരവിന് തീരക്കടലിൽ ഭൗതിക സാഹചര്യങ്ങൾ രൂപപ്പെട്ടെങ്കിലും നിയമവിരുദ്ധമായ ചെറുമീൻ വേട്ട പ്രതിസന്ധി സൃഷ്ടിക്കുന്നു. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

തുടർച്ചയായി ലഭിക്കുന്ന മഴമൂലം ധാരാളം പ്ലവകങ്ങൾ തീരക്കടലിലേക്കെത്തി. ചാളയുടെ വളർച്ചയ്ക്കാവശ്യമായ ഭൗതികഘടകങ്ങൾ ഇതുവഴി രൂപപ്പെട്ടു.

ട്രോളിംഗ് നിരോധനം കഴിഞ്ഞപ്പോൾ മത്തിക്കുഞ്ഞുങ്ങളെ വ്യാപകമായി കാണുന്നുമുണ്ട്. തുലാവർഷം ആരംഭിക്കുമ്പോൾ ഈ മത്തികൾ മുഴുവൻ വളർന്നു വലുതായി കേരളത്തിന്റെ തനതായ നെയ്ചാളയായി മാറും.

കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കേരളത്തിൽ വ്യാപകമായി മത്തി (ചാള) ലഭിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞവലിപ്പ പരിധിയേക്കാൾ ചെറുതാണിവ. കിലോയ്ക്ക് 30 രൂപ നിരക്കിൽ അവ മുഴുവൻ വളമാക്കി പൊടിക്കാൻ അയൽസംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോവുകയാണ്. തമിഴ്നാട്ടിലെ കാരയ്ക്കൽ, ചിദംബരം, നാഗപട്ടണം, ആന്ധ്രയിലെ മച്ചലിപട്ടണം എന്നിവിടങ്ങളിൽ നിന്ന് വലിയ ചാള കേരളത്തിലെത്തുന്നുണ്ട്. 2,500 കോടി രൂപയുടെ മത്തിയാണ് പ്രതിവർഷം പിടിക്കുന്നത്.

 വില വർദ്ധിച്ചു: പ്രതിസന്ധി
മത്തിയുടെ ദൗർലഭ്യം മൂലം 300- 350 രൂപയാണ് വില. 40-50 പേർ പണിയെടുക്കുന്ന 450 ഇൻ ബോർഡ്, 2,000 പൊന്തുവള്ളങ്ങളിലും 9,800 റിംഗ് വല വള്ളങ്ങളിലുമായി ഒരു ലക്ഷത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കേരളത്തിലുണ്ട്. ഉപരിതലമത്സ്യമായ മത്തിയുടെ ലഭ്യതക്കുറവ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് പരമ്പരാഗത തൊഴിലാളികൾ പറഞ്ഞു.

 മുഖ്യമന്ത്രിക്ക് നിവേദനം
ചെറുമീനുകൾ പിടിക്കുന്നത് കർശനമായി തടയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മത്സ്യവരൾച്ചയും മത്സ്യബന്ധന നിരോധങ്ങൾ മൂലവും ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തിക ആശ്വാസം സർക്കാർ നൽകണം. സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിൽ അടിയന്തരമായി വിളിച്ചുചേർത്ത് ചർച്ച ചെയ്യണം. ഫിഷറീസ് മന്ത്രി, ഫിഷറീസ് ഡയറക്ടർ എന്നിവർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.

''മലബാർ തീരത്തെ താനൂർ മുതൽ ചോമ്പാല വരെ ഭാഗത്ത് ചെറുമത്സ്യങ്ങൾ പിടിക്കില്ലെന്ന പുരോഗമനപരമായ തീരുമാനം തിങ്കളാഴ്ച മുതൽ തൊഴിലാളികൾ എടുത്തിട്ടുണ്ട്. മലബാർ മുഴുവൻ പ്രാവർത്തികമാക്കിയിട്ടില്ല.""

ചാൾസ് ജോർജ്

പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളിക ഐക്യവേദി

മത്തി ചില വസ്തുതകൾ

2021ൽ 2,392 ടൺ മാത്രം

2012 ൽ കേരളം പിടിച്ചത് 3.99 ലക്ഷം ടൺ

2013 മുതൽ 2021 വരെ മത്തിയുടെ വരൾച്ച

നഷ‌്ടം 10,000 കോടി രൂപ

2022 ൽ കേരളം 1.01 ലക്ഷം ടൺ

2023 ൽ കേരളം 1.39 ലക്ഷം ടൺ

2024 ൽ ഇന്ത്യ 2.28 ലക്ഷം ടൺ

കേരളവിഹിതം 60 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL