
കൊച്ചി: ഞാൻ ജയിച്ചേ തിരിച്ചു വരൂ... സീനിയർ പെൺകുട്ടികളുടെ തായ്‌കൊണ്ടോയിൽ 40 കിലോ വിഭാഗത്തിൽ ഫൈനലിറങ്ങും മുമ്പ് കോച്ച് എസ്. മുരഗന് മഞ്ജുഷ കൊടുത്ത വാക്ക് പാലിച്ചു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ വേദിയായ തായ്‌കൊണ്ടോയിൽ ഫൈനലിൽ എറണാകുളം ചേരാനല്ലൂർ സ്വദേശിയായ കെ. മഞ്ജുഷ വയനാടിന്റെ മർവ പർവീണിനെ കീഴടക്കിയാണ് സ്വർണം നേടിയത്. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്. കച്ചേരിപ്പടിയിലുള്ള തായ്‌കൊണ്ടോ അക്കാഡമിയിൽ എസ്.മുരുഗന്റെ നേതൃത്വത്തിലാണ് പരിശീലനം.
കുമാർ.എൻ, കല.എം എന്നിവരാണ് മാതാപിതാക്കൾ. കുടുംബത്തിന് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുള്ളതിനാൽ കോച്ചാണ് മത്സരത്തിൽ പങ്കെടുക്കാനാവശ്യമായ സഹായങ്ങൾ നൽകിയത്.
ഒന്നാം ക്ലാസ് മുതൽ മഞ്ജുഷ തായ്‌കൊണ്ടോ പരിശീലനം ആരംഭിച്ചുവെങ്കിലും നാലാം ക്ലാസ് മുതലാണ് മെഡലുകൾ വാരിക്കൂട്ടാൻ തുടങ്ങിയത്. 2017 ൽ നടന്ന അമച്വർ ഗെയിംസിൽ ദേശീയ സിൽവർ മെഡൽ ജേതാവാണ്.ഡോക്ടറാവാനാണ് താരത്തിന്റെ ആഗ്രഹം. പ്ലസ്ടുവിന് ശേഷം നീറ്റ് എൻട്രൻസ് എഴുതാനാണ് തീരുമാനമെങ്കിലും തായ്‌കൊണ്ടോ വിട്ടൊരു കളിയുമില്ലെന്ന് മഞ്ജുഷ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |