
ഫോർട്ട്കൊച്ചി: ഉറങ്ങാത്ത രാവുകളിലെ ആഘോഷങ്ങളെ വരവേൽക്കാനൊരുങ്ങി ഫോർട്ടുകൊച്ചി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 41-ാമത് കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 8.30 ന് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിക്കും. ചടങ്ങിൽ മേയർ എം. അനിൽകുമാർ , സബ് കളക്ടർ കെ. മീര, ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിംഗ് ഓഫീസർ കൊമഡോർ മാനവ് സേഗാൾ, കാർണിവൽ കമ്മിറ്റി എം. സോമൻ എക്സ് സർവീസ് മെൻ സംഘടന കെ.കെ. ശിവൻ, മദ്രാസ് റെജിമെന്റ് ടി.പി.ഫ്രാൻസിസ് എന്നിവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും. സൈനിക ബഹുമതിക്ക് ശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിക്കും തുടർന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ ഐകദാർഢ്യ പ്രതിജ്ഞയെടുക്കും.
കാർണിവൽ പതാക ഉയരും
15 രാവിലെ 9.30 ന് വാസ്കോ ദ ഗാമ സ്‌ക്വയറിൽ കൊച്ചിൻ കാർണിവലിന്റെ പതാക ഉയർത്തൽ നടക്കും. കെ.ജെ.മാക്സി എം.എൽ.എ പതാക ഉയർത്തൽ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ 90 ഓളം സംഘടനകൾ പതാക ഉയർത്തും.
20 മുതൽ കലാ - കായിക മത്സരങ്ങൾ
20 മുതൽ ഡീ.ജെ, മെഗാഷോ, മോട്ടോർ ബൈക്ക് റേസ്, നാടൻപാട്ട്, ചവിട്ടുനാടകം, നീന്തൽ, ഗുസ്തി, മ്യൂസിക്കൽ നൈറ്റ്, ചൂണ്ടയിടൽ മത്സരം തുടങ്ങി വിവിധ കലാ - കായിക മത്സരങ്ങൾ നടക്കും. ഫോർട്ട്കൊച്ചി കടപ്പുറം, പള്ളത്ത് രാമൻ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, മുണ്ടംവേലി കോർപ്പറേഷൻ ഗ്രൗണ്ട്, സാന്തക്രൂസ് മൈതാനം, വാസ്കോഡഗാമ സ്ക്വയർ, നെഹ്റു പാർക്ക്, എന്നിവിടങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 31 ന് രാത്രി 8 മുതൽ പുതുവർഷ പുലരിയെ വരവേറ്റുകൊണ്ട് കലാപരിപാടികൾ അരങ്ങേറും. രാത്രി 12 ന് പപ്പാഞ്ഞിയെ കത്തിക്കലും തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിനു വൈകിട്ട് 3.30 ന് വെളി മൈതാനിയിൽ നിന്ന് കാർണിവൽ റാലി ആരംഭിക്കുമെന്ന് കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.സോഹൻ, എ.എച്ച്.ഹിദായത്ത്, എം.സോമൻ മേനോൻ, അഭിലാഷ് തോപ്പിൽ, അനു ജോസഫ്, പി.ജെ.ജോസി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |