
കൊച്ചി/ചോറ്റാനിക്കര: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് വ്യാപകമാകുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ചോറ്റാനിക്കര പഞ്ചായത്തിലെ തലക്കോട് സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾ അടക്കം 11 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
മുണ്ടിനീര് ഭേദമാക്കാനാകുന്നതാണെങ്കിലും പകർച്ചാ സാദ്ധ്യത കൂടുതലാണെന്നതാണ് ആശങ്ക. മുണ്ടിനീർ വാക്സിനായ എം.ആർ, എം.എം.ആർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദ്യാർത്ഥികളിൽ നിന്ന് രോഗം മുതിർന്നവരിലേക്കും പടരുന്നുണ്ട്.
മുണ്ടിനീര് ചിലപ്പോൾ മസ്തിഷ്‌കവീക്കത്തിനും കേൾവിക്കുറവിനും വൃഷണങ്ങളിലെ വീക്കം കാരണമാകും.
അഞ്ചു മുതൽ ഒൻപത് വയസ് വരെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗബാധയുണ്ടാകുക. രണ്ടു മുതൽ നാല് ആഴ്ച വരെയാണ് വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിനുശേഷമാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. വൈറസ് ബാധിച്ച എല്ലാവരിലും രോഗലക്ഷണം ഉണ്ടാകണമെന്നില്ല. രോഗം ഭേദമാകാൻ രണ്ടാഴ്ച സമയമെടുക്കും.
വിക്സിൻ നിറുത്തലാക്കി
കേന്ദ്രസർക്കാർ 2018ൽ എം.എം.ആർ വാക്‌സിൻ നിറുത്തിയതാണ് മുണ്ടിനീര് വ്യാപകമാകുന്നതിന് കാരണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിലവിൽ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് എം.എം.ആർ വാക്‌സിനുള്ളത്. സർക്കാർ ആശുപത്രികളിൽ എം.ആർ വാക്‌സിനാണ് നൽകുന്നത്. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (ജർമ്മൻ മീസിൽസ്) എന്നിവയ്‌ക്കെതിരായ വാക്‌സിനാണ് എം.എം.ആർ വാക്‌സിൻ. ആദ്യത്തെ ഡോസ് ഒൻപത് മുതൽ 15 മാസം വരെയുള്ളപ്പോഴും രണ്ടാമത്തെ ഡോസ് 15 മാസം മുതൽ ആറു വയസ് വരെയുമാണ് നൽകുന്നത്.
എം.എം.ആർ വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ ഡോസൊന്നിന് 600-700 രൂപയാകും. വ്യക്തമായ ധാരണയില്ലാത്തതിനാലും ഒരു ഡൊസിന് ഇത്ര വില നൽകേണ്ടി വരുന്നതിനാലും പലരും വാക്‌സിൻ നൽകേണ്ടതിനെ ഗൗരവമായി കാണുന്നില്ലെന്നതും പ്രശ്‌നമാണ്.
എം.എം.ആർ വാക്‌സിൻ നിർബന്ധമായും നൽകണം. ബോധവത്കരണവും അത്യാവശ്യമാണ്
ഡോ. വിവിൻ എബ്രഹാം
പ്രസിഡന്റ് ഐ.എ.പി കൊച്ചി,
കൺൾഡട്ടന്റ് പീഡിയാട്രീഷ്യൻ
ലിസി ആശുപത്രി, കൊച്ചി
മാതാപിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവത്കരണണം നടത്തും. മാസ്‌ക് ഉൾപ്പെടെ നിർബന്ധമാക്കും
മെഡിക്കൽ ഓഫീസർ
ചോറ്റാനിക്കര പബ്ലിക് ഹെൽത്ത് സെന്റർ
ലക്ഷണങ്ങൾ
തലവേദന
തൊണ്ട വേദന
ക്ഷീണം
വിശപ്പില്ലായ്മ
പനി
ഉമിനീർ ഗ്രന്ഥികൾക്ക് വീക്കം
പകരുന്നത്
രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ
ശ്വാസം, ഉമിനീര് എന്നിവയിലൂടെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |