കൊച്ചി: എക്സൈസ്, പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവയുടെ സംയുക്ത പരിശോധനയിൽ വിവിധയിനം മയക്കുമരുന്നുകളുമായി മൂന്നുപേർ അറസ്റ്റിൽ. പറവൂർ മൂത്തകുന്നം സ്വദേശി ഫാബിൻ ഫ്രാൻസിസ് (27), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി അബ്ദുൾ ഹമീദ് വിശ്വാസ് (41), കാക്കനാട് വികാസ്‌വാണി തെങ്ങോട് സ്വദേശി ശ്രീരഞ്ജ് (24) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത്, സൗത്ത്, ഇടപ്പള്ളി ഭാഗങ്ങളിലെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് ഫാബിൻ ഫ്രാൻസിസ് പിടിയിലായത്.
ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂളിന് മുൻവശത്തെ ഹോട്ടൽ കീപീസിലെ മൂന്നാം നിലയിലെ 317-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിൽ 560ഗ്രാം ചരസ്, 190ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 52ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായാണ് ഫാബിൻ പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ നാല് കിലോഗ്രാം കഞ്ചാവുമായാണ് അബ്ദുൾ ഹമീദ് വിശ്വാസ് പിടിയിലായത്. കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തെ എക്സെനിയ എന്ന അപ്പാർട്ടുമെന്റിൽ നടത്തിയ പരിശോധനയിലാണ് ശ്രീരംഞ്ജ് പിടിയിലായത്. ഇയാളിൽനിന്ന് 52 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
നഗരത്തിലെ വിവിധ ലോഡ്ജുകൾ, ഹോസ്റ്റലുകൾ, സ്പാകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായിരുന്നു സംയുക്ത പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |