
കൊച്ചി: സ്വദേശികളും വിദേശികളുമുൾപ്പെടെ പങ്കാളികളാകുന്ന പ്രദർശനങ്ങളും സമ്മേളനങ്ങളും ഉൾപ്പെട്ട പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ത്രിതല കർമ്മപദ്ധതി ഒരുങ്ങുന്നു. പരിശീലന പരിപാടി മുതൽ ഇവന്റെ പ്രോട്ടോക്കോൾ വരെ ഒരുക്കാനാണ് പദ്ധതി.
കോടികളുടെ വരുമാനം ലഭ്യമാകുന്ന പരിപാടികളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എയ്ക്ക് സാരമായി പരിക്കേറ്റ സാഹചര്യത്തിലാണ് നടപടി.
യോഗങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെട്ട മൈസ് ടൂറിസം പദ്ധതി കേരളത്തിൽ ഏറ്റവുമധികം നടക്കുന്നത് കൊച്ചിയിലാണ്. കലൂർ അപകടം തിരിച്ചടിയാകുന്നത് ഒഴിവാക്കാനാണ് അടിയന്തര നടപടി. ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക് ) മുൻകൈയെടുത്താണ് നടപടി. പരിപാടിയുടെ ആലോചന മുതൽ നടപ്പാക്കൽ വരെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കും.
കൊച്ചി മൈസ് കേന്ദ്രം
ദേശീയ, അന്തർദേശീയ പരിപാടികളുടെ കേന്ദ്രമാണ് കൊച്ചി. കോടികൾ ചെലവഴിച്ച് നടത്തുന്ന വലിയ സമ്മളേനങ്ങളും വിനോദ പരിപാടികളും ആയിരങ്ങളെയാണ് ആകർഷിക്കുന്നത്. ടൂറിസത്തിനും സഹായകരമായ ഇത്തരം പരിപാടികളെ സർക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും പ്രദർശന കേന്ദ്രങ്ങളുമാണ് കൊച്ചിയുടെ ആകർഷണം. ഏഴായിരത്തിലധികം ഡോക്‌ടർമാർ പങ്കെടുത്ത പെഡികോൺ എന്ന സമ്മേളനമാണ് ഒടുവിൽ നടന്ന വൻകിട പരിപാടി. സുരക്ഷ ഭദ്രമല്ലെങ്കിൽ സംഗീതനിശ ഉൾപ്പെടെ പരിപാടികൾ മറ്റു സ്ഥലങ്ങളിലേയ്‌ക്ക് വഴിമാറും.
മൂന്നു ഘട്ട പദ്ധതി
1 ) ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് 28ന് കൊച്ചിയിൽ സുരക്ഷാ പരിശീലന സെമിനാർ സംഘടിപ്പിക്കും. ആസൂത്രണം, വേദിയൊരുക്കൽ, സാങ്കേതിക ക്രമീകരണം എന്നിവ നിർവഹിക്കുന്നവർക്കെല്ലാം പരിശീലനം നൽകും.
2 ) ഇവന്റ് മേഖലയിൽ ബോധവത്കരണം. വീഡിയോ തയ്യാറാക്കി വിതരണം ചെയ്യും.
3 ) ഇവന്റ് പ്രോട്ടോക്കോൾ തയ്യാറാക്കി ബന്ധപ്പെട്ട എല്ലാവർക്കും നൽകും. ഓരോ പരിപാടികളും ആസൂത്രണം മുതൽ അവസാനിക്കുന്നതുവരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കുന്നതായിരിക്കും പ്രോട്ടോക്കോൾ. ഇവ കർശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്തും.
വാങ്ങേണ്ട അനുമതികൾ
1) താത്കാലിക നിർമ്മാണങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
2) തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ്
3) ജനറേറ്റർ ഉപയോഗിക്കാൻ ഇലക്ട്രിക്കൽ ഡയറക്‌ടറേറ്റിന്റെ പരിശോധനാ സർട്ടിഫിക്കറ്റ്
4) അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റ്
ഒരുക്കേണ്ട മുൻകരുതൽ
1) ആയിരം പേർക്ക് മുകളിലുണ്ടെങ്കിൽ ഫയർ എൻജിൻ
2) ഡോക്‌ടറും പ്രാഥമികസൗകര്യളുമായി ആംബുലൻസ്
പൊതുജനങ്ങൾക്കും ഇടപാടുകാർക്കും പരിപാടികളിൽ പങ്കെടുക്കുന്നവർക്കും പരമാവധി സുരക്ഷ ഉറപ്പാക്കുമെന്ന് ദൃഢനിശ്ചയത്തിലാണ് നടപടി.
രാജു കണ്ണമ്പുഴ
പ്രസിഡന്റ്
ഇമാക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |