
ആലുവ: രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ ആൾത്താമസമില്ലാത്ത വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 60 ഓളം മയക്കുമരുന്ന് ആംപ്യൂകൾ കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിക്ക് സമീപം ബ്രിഡ്ജ് റോഡിൽ ആലുവ സ്വദേശി നാദിർഷയുടെ വീട്ടിൽ നിന്നാണ് 10 സ്ട്രിപ്പുകളിലായി ആംപ്യൂളുകൾ ലഭിച്ചത്. കൂടാതെ മുറികളിൽ നിന്ന് സിറിഞ്ചുകളും മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും കണ്ടെത്തി.
റെയിൽ പാതയോരത്തെ വീട്ടിൽ രാവും പകലും നിരവധി ആളുകൾ വന്നുപോകുന്നതായും കഴിഞ്ഞ ദിവസം ആരോ വീടിനുള്ളിൽ തീയിട്ടതായും സമീപവാസികൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കാൻസർ രോഗികൾക്കു ഉൾപ്പെടെ കടുത്ത വേദനസംഹാരിയായി ആശുപത്രികളിൽ നിന്ന് മാത്രം നൽകുന്ന ആംപ്യൂളുകൾ ഇത്രയധികം പാക്കറ്റുകളിലായി ലഹരി സംഘങ്ങളുടെ പക്കൽ എങ്ങനെയെത്തുന്നുവെതെന്ന് എക്സൈസും പൊലീസും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞദിവസം 10 കിലോ കഞ്ചാവുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ആസാം സ്വദേശികളായ രണ്ടുപേരെ പിടികൂടിയിരുന്നു. പിന്നാലെയാണ് ഒഴിഞ്ഞു വീട്ടിൽ നിന്ന് ആംപ്യൂളുകൾ കണ്ടെത്തുന്നത്. ആലുവ എക്സൈസ് ഇൻസ്പെക്ടർ പി. അഭിദാസിന്റെ നേതൃത്വത്തിലുള്ള എ.ബി. സജികുമാർ, എം.എം. അരുൺകുമാർ, എസ്. സിദ്ധാർകുമാർ, സി.എസ്. വഷ്ണു, സി.ഡി. പ്രദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |