
കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 77 വർഷം. സംഭവബഹുലമായ അവസാന 18 മാസം മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ബാപ്പുജിയുടെ ജീവിതം എങ്ങിനെയായിരുന്നുവെന്ന് കലാസൃഷ്ടികളിലൂടെയും വീഡിയോകളിലൂടെയും ജനങ്ങളിൽ എത്തിക്കുകയാണ് ചരിത്രകാരനും കവിയുമായ പി.എൻ ഗോപീകൃഷ്ണനും ഫോട്ടോഗ്രഫർ സുധീഷ് എഴുവത്തും. യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി എന്ന പേരിൽ എറണാകുളം ഡർബാർ ഹാളിലാണ് പ്രദർശനം.
ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30. സ്വാതന്ത്ര്യലബ്ധിയുടെ ആവേശം കെടുംമുമ്പേ എന്തുകൊണ്ട് ഒരു ഇന്ത്യക്കാരന്റെ വെടിയുണ്ടയ്ക്ക് ഗാന്ധിജി ഇരയായി, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ഗാന്ധിജി നടത്തിയ രണ്ട് നിരാഹാര സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു, നവഖലിയിലും ബിഹാറിലും കൽക്കത്തയിലും ഡൽഹിയിലും ഗാന്ധിജി നടത്തിയ സമരങ്ങൾ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ് പ്രദർശനത്തിന് വഴിതുറന്നത്.
ചിത്രകാരൻ മുരളി ചീരോത്ത്, ഹ്യൂമൻ ജിയോഗ്രാഫർ ഡോ. ജയരാജ് സുന്ദരേശൻ, നവഖലിൽ എന്നിവരാണ് ക്യൂറേറ്റർമാർ. ഉദ്ഘാടന ചടങ്ങിൽ ചരിത്രകാരൻ സുധീർ ചന്ദ്ര, ഡൽഹി യൂണിവേഴ്‌സിറ്റി ഗാന്ധിൻ സ്റ്റഡീസ് അദ്ധ്യാപകൻ കെ.പി ശങ്കരൻ, ഡോ. എം.വി നാരായണൻ തുടങ്ങിവർ പങ്കെടുക്കും. ഫെബ്രുവരി 16 വരെ നടക്കുന്ന ചർച്ചാ പരിപാടികളിൽ സുധീർ ചന്ദ്ര, എം.വി നാരായണൻ, മന്ത്രി എം.ബി രാജേഷ്, എസ്. ഗോപാലകൃഷ്ണൻ, പി.എൻ ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം ഫെബ്രുവരി 18ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |