
കൊച്ചി:എഴുപത്തിയഞ്ചുകാരി ഗീത ശർമ്മയും എൺപത്തിരണ്ടുകാരൻ രാമകൃഷ്ണൻ സുബ്രഹ്മണ്യൻ ശർമ്മയും ഗുരുവായൂർ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ തങ്ങൾ വിവാഹിതരാവാൻപോകുന്നുവെന്ന് അറിഞ്ഞത് വധൂവരൻമാരുടെ പേര് വിളിച്ചപ്പോൾ മാത്രം. മാതാപിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തതാകട്ടെ മകൾ കവിത.
1975 ജനുവരി 29ന് മുംബയിൽ വിവാഹിതരായ അവർ പൂനെയിൽ സ്ഥിരതാമസമാണ്. 50-ാം വിവാഹവാർഷികം പ്രമാണിച്ച് മകളെയും കൂട്ടി ഗുരുവായൂരിൽ തൊഴാനെത്തിയതായിരുന്നു.
ജനുവരി 28ന് ഗുരുവായൂരിലെത്തി. വഴിപാട് കൗണ്ടറിലെ ലിസ്റ്റ് വായിച്ച കവിതയ്ക്ക് പെട്ടെന്നാണ് കണ്ണന്റെ തിരുസന്നിധിയിൽ മാതാപിതാക്കളുടെ വിവാഹം നടത്തണമെന്ന് തോന്നിയത്.
ഉടൻ ഫീസടച്ചു. ക്യാമറാ ടീമിനെയും ഏർപ്പാടാക്കി. വൈകിട്ട് വിവാഹ വസ്ത്രങ്ങളെടുത്തു. 'വധുവും വരനും' ഇതൊന്നും അറിഞ്ഞില്ല. 29ന് രാവിലെ ബ്രാഹ്മണ സമാജത്തിൽ പൂജകൾക്ക് ശേഷം മകൾ സമ്മാനിച്ച വസ്ത്രങ്ങൾ അണിഞ്ഞ് ഗുരുവായൂർ ക്ഷേത്രദർശനം. പിന്നീട് ചാവക്കാട് ബീച്ചിൽ ഫോട്ടോഷൂട്ട്. ഒൻപതു മണിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി.വിവാഹങ്ങൾ നടക്കുന്നത് കണ്ടുനിൽക്കവേയാണ്
വധൂവരൻമാരുടെ പേരു വിളിച്ചത്.അമ്പരപ്പ് മാറുംമുമ്പേ, ഇരുവരുടെയും കൈപിടിച്ച് മകൾ മണ്ഡപത്തിലേക്ക് കയറി.അതിനിടെ കാര്യം പറഞ്ഞു. പരസ്പരം മാലചാർത്തി ഇരുവരും കണ്ണനെ വണങ്ങി.
നാഗർകോവിൽ സ്വദേശിയായ രാമകൃഷ്ണൻ സുബ്രഹ്മണ്യൻ ശർമ്മ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഗീത തൃശൂർ പൂങ്കുന്നം സ്വദേശി.
യു.എസിൽ സോഫ്റ്റുവെയർ എൻജിനീയറായ രാമകൃഷ്ണൻ ശർമ്മയാണ് ഇളയമകൻ. മരുമക്കൾ: സോഫ്റ്റ്‌വെയർ എൻജിനിയർമാരായ പി.വി. മഹേന്ദ്രൻ, അനാലിസ. പേരക്കുട്ടികൾ. നീൽ ശർമ്മ, നോയൽ ശർമ്മ.
`ഗുരുവായുരപ്പന് മുമ്പിൽ മാല ചാർത്തുമ്പോൾ സന്തോഷവും ചെറിയ നാണവും ഇടകലർന്ന അവസ്ഥയിലായിരുന്നു'
-ഗീത ശർമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |