SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

അലങ്കാര നെറ്റിപ്പട്ടം രാജീവിന് ജീവിതം

rajiv

കൊച്ചി: അലങ്കാര നെറ്റിപ്പട്ടങ്ങൾ ഒരുക്കി കുടുംബം പോറ്റുന്ന പോരാളിയാണ് രാജീവ്. അരയ്ക്കുതാഴെ തളർന്നെങ്കിലും അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറൂപ്പ വൈത്തലക്കുന്നമ്മൽ രാജീവെന്ന് (36) ചെറുപ്പക്കാരൻ. രണ്ട് ഹ്രസ്വചിത്രങ്ങളിൽ നായകനാവുകയും ടെലിവിഷൻ കോമഡി ഷോകളിൽ കൈയടി നേടുകയും ചെയ്ത കലാകാരനാണ്.

കൺസ്ട്രക്‌ഷൻ ജോലിക്കിടെ പത്തുവർഷം മുമ്പുണ്ടായ വീഴ്ചയാണ് രാജീവിന്റെ നട്ടെല്ല് തളർത്തിയത്. മനോരോഗ ചികിത്സയിലായിരുന്ന അച്ഛൻ വാസുദേവൻ നായരുടെ തിരോധാനത്തിനിടെ കുടുംബത്തിന് ഇത് ഇരട്ടപ്രഹരമായി. യാതനകൾക്കൊപ്പമാണ് രാജീവിന്റെ യാത്ര.

നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജിലും വെല്ലൂരിലെയും ചികിത്സയെ തുടർന്ന് വീൽചെയറിൽ ഇരിക്കാമെന്നായി. കിടന്നിടത്തുനിന്ന് നിരങ്ങി നീങ്ങാമെന്നായി. എങ്കിലും പരസഹായം വേണം.

അമ്മ സരസ്വതിയമ്മയും അമ്മൂമ്മ സരോജിനിയമ്മയുമാണ് വീട്ടിലുള്ളത്. സഹോദരങ്ങൾ മാറിത്താമസിക്കുകയാണ്. രാജീവിന് ഒരു മകളുണ്ട്, നാലാംക്ലാസുകാരി നിവേദ്യ. ഭാര്യ പിരിഞ്ഞുപോയി.

ചലനമില്ലാത്ത സമയത്ത് പല വീഡിയോകളും കണ്ട് മിമിക്രി വശത്താക്കി. അഭിനേതാക്കളുടെയടക്കം ശബ്ദം അനുകരിക്കും. 'പേനിന്റെ പ്രണയം', 'രണ്ടു മീനുകൾ' എന്നീ ഹ്രസ്വചിത്രങ്ങളിലാണ് അഭിനയിച്ചത്.

 നെറ്റിപ്പട്ട നിർമ്മാണം ഉപജീവന മാർഗമായി

ദുരിതകാലത്തിനിടെ പരിചയപ്പെട്ട വ്യക്തിയാണ് അലങ്കാരത്തിന് ഉപയോഗിക്കുന്ന നെറ്റിപ്പട്ടമുണ്ടാക്കാൻ പഠിപ്പിച്ചത്. ഇടുപ്പുകുത്തി ചെരിഞ്ഞിരുന്നും കിടന്നുമാണ് രാജീവ് പണിയെടുക്കുന്നത്. ഫാൻസി കടകളിൽ നിന്നുള്ള കിറ്റുവാങ്ങിയാണ് നെറ്റിപ്പട്ടനിർമ്മാണം. ഇതിനുള്ള കട്ടിംഗും ഡ്രോയിംഗും ഒട്ടിച്ചുചേർക്കലുമെല്ലാം ചെയ്യണം.
ഇതിനിടെ ശരീരഭാരം താങ്ങാതെ തുടയെല്ലുപൊട്ടി. ശസ്ത്രക്രിയ നടത്തി കമ്പിയിട്ടെങ്കിലും ശരിയായില്ല. കമ്പിപുറത്തുവന്ന സ്ഥിതിയാണിപ്പോൾ. തുടർചികിത്സയ്ക്ക് ഇനി വകകണ്ടെത്തണം. ജീവിതകാലം മുഴുവൻ ഫിസിയോതെറാപ്പി വേണം.

10 ദിവസത്തെ അദ്ധ്വാനം

ഒരു നെറ്റിപ്പട്ടം ഒരുക്കാൻ രാജീവിന് പത്തുദിവസം വേണം. 7 അടി നീളമുള്ളവവരെ നിർമ്മിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമ അറിയിപ്പുകൾ നൽകിയാണ് വില്പന. 2000-14,000 രൂപ വരെയാണ് വില. ഒരു ചടങ്ങിൽവച്ച് നടൻ മോഹൻലാലിന് നെറ്റിപ്പട്ടം നൽകിയതാണ് അഭിമാനനിമിഷം. വെൽവെറ്റ് തുണി നിശ്ചിത ആകൃതിയിൽ മുറിച്ച്

സ്വർണനിറമുള്ള അർദ്ധഗോളങ്ങളും ചന്ദ്രക്കലകളും ചീന്തുപൊളിയും ക്രമത്തിൽ ഒട്ടിച്ചുചേർക്കും. ചുറ്റിലും വ‌ർണച്ചരടുകൾ ഹാരംപോലെ കൂട്ടമായി അണിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL