
ചോറ്റാനിക്കര : പൊരിവെയിലത്ത് അദ്ധ്യാപകനും വിദ്യാർത്ഥികളും കൂടി കൈക്കോട്ടുമായി റോഡിലിറങ്ങിയത് കണ്ടപ്പോൾ നാട്ടുകാർ ആദ്യം വിചാരിച്ചത് സേവന വാരാചരണമായിരിക്കുമെന്നാണ്. എന്നാൽ നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടച്ച് റോഡിലാകെ ചിതറിക്കിടക്കുന്ന മെറ്റലുകൾ നീക്കി അപകടാവസ്ഥ മാറ്റിയതോടെ നാട്ടുകാരും ഒപ്പം കൂടി.
സാമൂഹ്യ പ്രതിബന്ധതയുടെ പാഠം കൂടി പഠിപ്പിച്ചാണ് സെന്റ് ജോൺസ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സുബോധ് വി. പി. കൊടും ചൂടിലും വിദ്യാർത്ഥികളുമായി തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാൻ ഇറങ്ങിയത്. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഹൈസ്കൂളിനു മുമ്പിൽ രണ്ടാഴ്ചയിലേറെയായി തകർന്ന് കിടന്ന കണ്യാട്ട്നിരപ്പ് -തെക്കിനേത്ത് നിരപ്പത്ത് റോഡിലെ കുഴിയാണ് നികത്തിയത്. വിദ്യാർത്ഥികളടക്കം റോഡിൽ അപകടത്തിൽപ്പെട്ടതോടെയാണ് റെഡ‌് ക്രോസ് വിദ്യാർത്ഥികളെ ഒപ്പം കൂട്ടി അദ്ധ്യാപകൻ നിരത്തിലേക്കിറങ്ങിയത്.
ഇവിടെ നികത്തുവാൻ മെറ്റൽ കൂന കൂട്ടിയിട്ടതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. വീതിയില്ലാത്ത റോഡിലൂടെ സ്കൂൾ വാഹനങ്ങളും പ്രദേശവാസികളുടെ വാഹനങ്ങളും പോയി തുടങ്ങിയതോടെ മെറ്റൽ ചിതറി റോഡ് നിറഞ്ഞു.
ഇതോടെ മെറ്റലുകളിൽ കയറി ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും അപകടത്തിൽപ്പെടുന്നതും പതിവായി.
നിരവധി തവണ പഞ്ചായത്ത് അംഗത്തോടും കോൺട്രാക്ടറോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
രക്ഷിതാക്കളും കുട്ടികളും അപകടത്തിൽപ്പെട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെട്ടത്. കോൺട്രാക്ടറും പഞ്ചായത്ത് അംഗവുമായി സ്കൂൾ അധികൃതർ ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.
സുബോധ് വി. പി
പ്രധാനാദ്ധ്യാപകൻ
സെന്റ് ജോൺസ് ഹൈസ്കൂൾ
കണ്യാട്ട് നിരപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |