
ആലുവ: പുക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ ഉറക്കത്തിനിടെ അജ്ഞാതൻ കുത്തിപരിക്കേൽപ്പിച്ചെന്ന യുവാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എടത്തല പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ആലുവ റെയിൽവേ പാലത്തിന് സമീപം വച്ചുണ്ടായ ട്രാൻസ്ജെൻഡർ യുവതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശിയുമായുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കഴിഞ്ഞ 10ന് പുലർച്ചെ നാല് മണിയോടെയാണ് ശ്വാസകോശത്തിലും കണ്ണിന്റെ മുകൾ ഭാഗത്തും പുറത്തും മുറിവേറ്റ നിലയിലാണ് കാക്കനാട് തെങ്ങോട് നവോദയ വെളുത്തേടത്തുപറമ്പിൽ വി.എം. മുൻസീർ പള്ളിക്കരയിലെ വാടക വീട്ടിലെത്തിയത്. പുലർച്ചെ മൂന്നരയോടെ പുക്കാട്ടുപടി ബസ് സ്റ്റോപ്പിൽ വച്ച് അജ്ഞാതൻ കുത്തിയതായി ഇയാൾ പൊലീസിൽ മൊഴി നൽകി.
എന്നാൽ കുത്തേറ്റതായി പറഞ്ഞിടത്ത് രക്തക്കറകളൊന്നും കാണാതയതോടെയാണ് അന്വേഷണം ആലുവയിലേക്കെത്തിയത്. സംഭവ ദിവസം ആലുവ ജില്ലാ ആശുപത്രിയിൽ കുത്തേറ്റ നിലയിൽ പെരുമ്പാവൂർ സ്വദേശിയുമെത്തിയിരുന്നു. ഇയാൾക്ക് സാരമായ പരിക്കുണ്ടായില്ല. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചെങ്കിലും ഇയാൾ മുങ്ങി. പിന്നീട്
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുൻസീർ കത്തിയുമായി ആക്രമിക്കുന്നതിനിടെയാണ് മുറിവേറ്റതെന്ന് കണ്ടെത്തിയത്. കേസ് ആലുവ പൊലീസിന് കൈമാറി. മോഷണം, കഞ്ചാവ് ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ് മുൻസീറെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |