തൃപ്പൂണിത്തുറ: തോട്ടിലെ ചെളിയിൽ പുതഞ്ഞ് യുവാവ് മരിച്ച കേസിൽ മൂന്നു പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. എരൂർ വെസ്റ്റ് പെരീക്കാട് വീട്ടിൽ പി.ബി. ഷൈഗാളിന്റെ മകൻ സനൽ (43, തമ്പി) കൊല്ലപ്പെട്ട കേസിൽ എരൂർ വെസ്റ്റ് സ്വദേശികളായ പെരീക്കാട് വീട്ടിൽ പി.സി. ജിഷി (36), പെരീക്കാട് പി.എം. കിരൺ (31), പെരീക്കാട് പ്രജിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും ബന്ധുക്കളുമായ സംഘം ചൊവ്വാഴ്ച രാത്രി പെരീക്കാട് ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമിരുന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബഹളം കേട്ട അയൽവാസികൾ പൊലീസുമായി നടത്തിയ തെരച്ചിലിലാണ് ചെളിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ജിഷിയെ കസ്റ്റഡിലെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടു പേരെയും കണ്ടെത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |