
കൊച്ചി: കൊവിഡ് ലോക്ഡൗണിൽ ബി.പി.ഒ കമ്പനിയിലെ ജോലി നഷ്ടമായി. പക്ഷേ, പാണാവള്ളി പടിഞ്ഞാറേ അടയത്ത് ബി.ഹരിദാസ് (60) തളർന്നില്ല. വിരസതയകറ്റാൻ ചെറു കഥകളും കവിതകളും എഴുതിത്തുടങ്ങി. പിന്നീടത് നോവൽ രചനയിലുമെത്തി. ഒൻപതാംക്ളാസിൽ പഠിക്കുമ്പോൾ സ്‌കൂൾ കവിതാരചനയിൽ ഒന്നാംസ്ഥാനം നേടിയതായിരുന്നു പിൻബലം.
പ്രമുഖ ഓൺലൈൻ പ്രസാധകർ ഇവ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തത് വഴിത്തിരിവായി. സൈബറിടങ്ങളിൽ ഹരിദാസിന്റെ വായനക്കാരുടെ എണ്ണം കൂടിവന്നു. ചില രചനയുടെ റീഡർഷിപ്പ് ദശലക്ഷങ്ങൾ കടന്നു. കൃതികൾക്ക് കോപ്പിറൈറ്റും ലഭിച്ചതോടെ പിടിച്ചു നിൽക്കാനുള്ള വരുമാനമായി.
ഹൊറർ നോവലുകളാണ് ഹരിദാസിന്റെ മാസ്റ്റർപീസ്. 'പാണ്ടോത്തുകാവിൽ യക്ഷി', 'രാത്രിഞ്ചരൻ' തുടങ്ങിയവ ആ ഗണത്തിൽപ്പെട്ടതാണ്. ഡ്രാക്കുളയ്ക്ക് സമാനമായി 'സ്ട്രീഗോയ്" എന്ന രക്തരക്ഷസ്സിനെയും കേന്ദ്രകഥാപാത്രമാക്കി. ചുരുങ്ങിയകാലം കൊണ്ട് ആയിരത്തോളം രചനകൾ പൂർത്തിയാക്കി. ദലമർമരങ്ങൾ, വിക്രമാദിത്യനും വരരുചിയും എന്നീ കവിതാസമാഹാരങ്ങളും പാണ്ടോത്തുകാവിൽ യക്ഷി എന്ന നോവലും പുസ്തകമാക്കി. ലീലാമണിയാണ് ഭാര്യ. മക്കൾ: അഖിൽദാസ്, നിഖിൽദാസ്.
നാലടി ഉയരമുള്ള
പുസ്തകത്തിലും പങ്കാളി
ലോകത്ത് പ്രസിദ്ധീകരിച്ച വമ്പൻ പുസ്തകങ്ങളിൽ ഒന്നായ 'പെൻഡ്രൈവ്' എന്ന കാവ്യസമാഹാരത്തിലും ഹരിദാസിന്റെ 'വിക്രമാദിത്യനും വരരുചിയും' എന്ന കവിത ഇടംപിടിച്ചു.
4 അടി ഉയരവും 18,404 പേജുകളുമുണ്ട് പുസ്തകത്തിന്. 3050 എഴുത്തുകാർ ചേർന്ന് ആറുമാസം കൊണ്ടാണ് ഈ ഭീമൻ പുസ്തകം തയ്യാറാക്കിയത്. കട്ടികൂടിയ പുസ്തകം എന്ന നിലയിൽ പല റെക്കാഡുകളും സ്വന്തമാക്കി. പ്രിന്റ് എടുക്കാനും കൊണ്ടുനടക്കാനുമുള്ള ബുദ്ധിമുട്ടു കാരണം പുസ്തകത്തിന്റെ ഒറിജിനൽ പ്രസാധകർ സൂക്ഷിച്ചിരിക്കുകയാണ്.
സിനിമ, നാടക ഗാനങ്ങൾ എഴുതാനുള്ള ആത്മവിശ്വാസമുണ്ട്. സിനിമയ്ക്കു പറ്റിയ കഥകളും മനസിലുണ്ട്
- ബി.ഹരിദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |