
കൊച്ചി: ജയിലിൽ കഴിയുന്ന തടവുകാർക്ക് വിളിക്കാൻ അനുമതിയുള്ള ഫോൺ നമ്പറുകൾ ബി.എസ്.എൻ.എല്ലിന്റേതായിരിക്കണമെന്ന് നിഷ്കർഷിക്കുന്ന നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ആലുവ സ്വദേശിക്കു വേണ്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്. ഇത്തരം നിയന്ത്രണം മൗലികാവകാശ ലംഘനമാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മിത സുധീന്ദ്രൻ വാദിച്ചു.
തടവുകാർക്ക് മൂന്ന് രജിസ്‌ട്രേഡ് ഫോൺ നമ്പറുകളിലേക്ക് വിളിക്കാനാണ് നിയന്ത്രിതമായി അനുമതി. ഈ ഫോൺ നമ്പരുകൾ ബി.എസ്.എൻ.എൽ കണക്‌ഷൻ ആയിരിക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ഡിസംബർ 31 നാണ് ജയിൽ വകുപ്പു മേധാവി നോട്ടീസ് പുറപ്പെടുവിച്ചത്.
2025 മാർച്ച് ഒന്നു മുതൽ നിർബന്ധമാക്കുമെന്നും വ്യക്തമാക്കി. ഫോണുകളിൽ കോൾ ഫോർവേഡിംഗ്, കോൾ ട്രാൻസ്ഫറിംഗ് സൗകര്യം ഉണ്ടാകരുതെന്നും നോട്ടീസിൽ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. സർക്കാർ ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം തേടിയ കോടതി, ഹർജി വീണ്ടും ഏഴിന് പരിഗണിക്കും.
നിയന്ത്രണം
ഗ്രൂപ്പ് കാളിന്റെ പേരിൽ
കോൺഫറൻസ് കാളിലൂടെ തടവുകാർ പുറത്തുള്ള പലരുമായ ബന്ധപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജയിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്. കോൺഫെറൻസ് കോൾ സൗകര്യം ബി.എസ്.എൻ.എൽ കണക്‌ഷനിലും ഉണ്ടെങ്കിലും തടവുകാർ വിളിക്കുന്ന നമ്പറുകളിൽ അത് ബ്ലോക്കുചെയ്യാൻ കമ്പനിയുമായി ധാരണയുണ്ടെന്നാണ് സർക്കാർ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |