
കൊച്ചി: ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങൾ സിറോമലബാർസഭയ്ക്ക് വീണ്ടും തലവേദനയാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികർ ഉയർത്തിയ പ്രതിഷേധങ്ങൾ അയഞ്ഞപ്പോഴാണ് വിശ്വാസികൾ തമ്മിലുള്ള പോര് മുറുകുന്നത്.
സഭയെ അനുകൂലിക്കുന്ന സംഘടനയ്‌ക്കെതിരെ നടപടിയെടുക്കുന്ന സ്ഥിതിയിലാണ് സഭാനേതൃത്വം.
അതിരൂപതയിലെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട വൈദികർ ആരംഭിച്ച പ്രതിഷേധം ഏകീകൃത കുർബാന ഉൾപ്പെടെ വിഷയങ്ങളിൽ തെരുവിലെത്തിയിരുന്നു. പിന്നാലെ വിശ്വാസികളും ചേരിതിരിഞ്ഞു. വൈദികരുടെ പരസ്യപ്രതിഷേധം നിലച്ചതിനുശേഷം വിശ്വാസികളുടെ ചേരിതിരിവ് രൂക്ഷമായി. വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ട സഭാനുകൂല സംഘടനകളും എതിർനിലപാട് സ്വീകരിച്ചു.
മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തൻ വികാരി ജോസഫ് പാംപ്ലാനി എന്നിവരുടെ സർക്കുലർ കാത്തലിക്ക് നസ്രാണി അസോസിയേഷൻ കത്തിച്ചത് കൂടാതെ പാംപ്ലാനിയെ ഉപരോധിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.പി ജോർജിനുൾപ്പെടെ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണംകാണിക്കൽ നോട്ടീസ് നൽകി.
ഭീഷണി തള്ളിക്കളയുമെന്ന്
ഏകീകൃത കുർബാന നടപ്പാക്കിയാൽ പ്രതിഷേധ സമരങ്ങൾ അവസാനിപ്പിക്കുമെന്ന് സഭ അനുകൂല സംഘടനകൾ പറഞ്ഞു. അല്ലെങ്കിൽ ഭീഷണികൾ തള്ളിക്കളയും. വിമത വൈദികരും അൽമായരും നടത്തിയ സഭവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ അനുകൂലികളെ ശിക്ഷിക്കുന്നതിൽ ബിഷപ്പുമാരിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. സഭാനൂകൂല സംഘടനകളും വിമത വൈദികരും ഉൾപ്പെട്ട പരാതികൾ സഭയുടെ ട്രൈബ്യൂണിലിന് വിടാൻ തീരുമാനിച്ചതായി അറിയുന്നു.
ആർച്ച് ഡീക്കനെ നിയമിക്കണം
അതിരൂപതയുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം വേണമെന്ന് സഭ നേതൃത്വത്തെ എതിർക്കുന്ന അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. അതിരൂപതാ ഭരണക്രമത്തിൽ പ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള ഭരണ സംവിധാനം വേണം.
അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷഷപ്പിനെ അതിരൂപത വൈദികരിൽ നിന്ന് നിയമിക്കണം. പാരമ്പര്യ അധികാര സംവിധാനമായ ആർച്ച് ഡീക്കൻ സ്ഥാനം പുന:സ്ഥാപിക്കണം. വൈദിക സമിതിയും പാസ്റ്ററൽ കൗൺസിലും അംഗീകരിക്കുന്ന പാനലിലെ വൈദികനെ ആർച്ച് ഡീക്കനായി നിയമിക്കണമെന്നും മുന്നേറ്റം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |