
കൊച്ചി: സർപ്പ ആപ്പിന്റെ ഉപയോഗവും വനം വകുപ്പ് ബോധവത്കരണവും സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം 73 ശതമാനമായി കുറച്ചു. 2016-17ൽ 119 പേർ മരിച്ചപ്പോൾ 2024-25ൽ മരണം 32 മാത്രം. ഒമ്പത് വർഷത്തിനിടെ 636 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വനംവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാമ്പുകടി മരണം ഇല്ലാതാക്കാൻ അഞ്ചുവർഷം മുമ്പാണ് വനംവകുപ്പ് ദൗത്യം തുടങ്ങിയത്. സർപ്പ ആപ്പ് അവതരിപ്പിച്ചു. ജനസുരക്ഷയും പാമ്പുകളുടെ സംരക്ഷണവും അശാസ്ത്രീയ പാമ്പുപിടിത്തം മൂലമുള്ള അപകടങ്ങൾ കുറയ്ക്കുകയും ലക്ഷ്യമിടുന്ന ആപ്പ് ജനകീയമായി. ഒപ്പം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കും വനംവകുപ്പ് മുൻകൈയെടുത്തു. ഒരാൾക്ക് പാമ്പുകടിയേറ്റാൽ ആന്റിവെനം ലഭ്യമായ ആശുപത്രിലേക്ക് ഇയാളെ എത്തിക്കാനും ഒപ്പം മുൻകൂട്ടി ചികിത്സാ തയ്യാറെടുപ്പുകളും നടത്താനും ആശുപത്രിയെ സജ്ജമാക്കുന്ന രീതിയിലാണ് വനംവകുപ്പിന്റെ കോ-ഓർഡിനേഷൻ.
5 വർഷം 45,000 പാമ്പ്
സർപ്പ് ആപ്പിലൂടെ 45,000 പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി. കഴിഞ്ഞവർഷം മാത്രം 16,453 പാമ്പുകളെയും. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 2700 വാളന്റിയർമാർ സർപ്പയ്ക്ക് കീഴിലുണ്ട്. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്.
'കാലൻ' കോബ്ര
കോബ്രയുടെ (മൂർഖൻ) കടിയേറ്റാണ് കൂടുതൽപ്പേരും മരിച്ചത്. അണലി, വെള്ളിക്കെട്ടൻ എന്നിവയാണ് മനുഷ്യജീവനെടുത്ത മറ്റ് പാമ്പുകൾ. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ഏറ്റവുമധികം മരണം സംഭവിക്കുന്നത് പാമ്പുകടിയേറ്റാണ്. കഴിഞ്ഞ 14 വർഷത്തിനിടെ 75 ശതമാനം മരണങ്ങളും പാമ്പുകടിയേറ്റാണ്.
വർഷം - മരണം
2016-17 - 119
2017-18 - 92
2018-19 - 123
2019-20- 71
2020-21- 52
2021-22 - 65
2022-23- 48
2023-24- 34
2024-25- 32
വനംവകുപ്പിന്റെ തീവ്രപരിശ്രമത്തിന്റെ ഫലമാണ് മരണനിരക്കിലെ കുറവ്. ഇത് പൂജ്യത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
വൈ. മുഹമ്മദ് അൻവർ,
അസി. ഫോറസ്റ്റ് കൺസർവേറ്റർ,
നോഡൽ ഓഫീസർ -സർപ്പ ആപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |