
കൊച്ചി: മോഷ്ടാവിന്റെ താമസസ്ഥലത്ത് നിന്നും 500 രൂപയുടെ 17 വ്യാജ നോട്ടുകൾ പിടികൂടിയ കേസിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക പരിശോധനയിൽ നോട്ടുകൾ 'ഹൈക്വാളിറ്റി പ്രിന്റ്' അല്ലെന്ന് വ്യക്തമായിട്ടുണ്ട്.
പ്രദേശികതലത്തിൽ അച്ചടിച്ചതാകാനുള്ള സാദ്ധ്യത ഇതോടെ വർദ്ധിച്ചു. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സലീം മണ്ഡലാണ് കള്ളനോട്ട് കേസിലെ പ്രതി.
കഴിഞ്ഞദിവസം മാവേലി എക്‌സ്പ്രസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയിൽവേ പൊലീസ് പെരുമ്പാവൂരിലെത്തി ഇയാളെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽനടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് കേസെടുത്തു. മോഷണക്കേസിൽ പ്രതിയെ ആലപ്പുഴ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും ഇന്ന് പരിശോധനയ്ക്ക് അയക്കും. പൗരത്വം ഉറപ്പിക്കാനാണിത്.
പരിചയക്കാരൻ കൈമാറിയതെന്ന്
കള്ളനോട്ടുകൾ അടുപ്പമുള്ളയാൾ നൽകിയതാണെന്നാണ് സലീം മണ്ഡലിന്റെ മൊഴി. വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് ആലപ്പുഴ റെയിൽവേ പൊലീസ് പറഞ്ഞു. 17 നോട്ടുകൾ കണ്ടെടുത്ത സാഹചര്യത്തിൽ കൂടുതൽ നോട്ടുകൾ ഈവിധം നിർമ്മിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
കള്ളനോട്ട് കേസിൽ കസ്റ്റഡിക്കായി പെരുമ്പാവൂർ പൊലീസ് നാളെ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി പരിഭാഷകന്റെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |