
പള്ളുരുത്തി: ചെല്ലാനം ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ വിദേശത്ത് സ്കിറ്റ് അവതരിപ്പിക്കാൻ മോളി കണ്ണമാലി (ചാളമേരി) പറക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ദുബായ് സന്ദർശനത്തിൽ മോളി ഉൾപ്പെടെ അഞ്ച് വയോജനങ്ങളാണുള്ളത്.
ഇവർക്ക് വിദേശ യാത്രയ്ക്ക് അവസരമൊരുക്കുക എന്നതിനൊപ്പം ഇവർ അണി നിരക്കുന്ന കലാ പരിപാടി ഗൾഫിലെ വിവിധ വേദികളിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ശാരീരിക ബുദ്ധിമുട്ടുകളാൽ അവശത അനുഭവിക്കുന്നുണ്ടെങ്കിലും മോളി കണ്ണമാലി യാത്രാ ഒരുക്കത്തിന്റെയും സ്കിറ്റ് അവതരണ പരിശീലനത്തിന്റെയും തിരക്കിലാണ്. ഏപ്രിൽ 23 ന് നെടുമ്പാശേരിയിൽ നിന്നാണ് ഗൾഫിലേക്കുള്ള യാത്ര.
ഇതുവരെ നൂറോളം സിനിമകളിൽ അഭിനയിച്ച മോളി കണ്ണമാലിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ് . മഴ പെയ്താൽ വീടും പരിസരവും വെള്ളക്കെട്ടിലാകും. രണ്ട് ആൺമക്കളും ഭാര്യമാരും പേരക്കുട്ടികളും ഉൾപ്പെടെ വളരെ വലിയ കുടുംബത്തിലാണ് താമസം. പലപ്പോഴും ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന അവസ്ഥയാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള മോളി കണ്ണമാലി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അൻവർ റഷീദിന്റെ കേരള കഫേ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മോളി കണ്ണമാലി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഗൾഫ് ഷോയിൽ നിന്ന് കിട്ടുന്ന വരുമാനം വീട്ടിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മോളി കണ്ണമാലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |