SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

പ്രതിസന്ധിയിൽ നിന്ന് കരകയറണം കേന്ദ്ര-സംസ്ഥാന പിന്തുണതേടി ഫാക്ട്

fact

കൊച്ചി: നിരന്തരമായ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഠിനശ്രമം നടത്തുന്ന കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ (ഫാക്ട് ) സുസ്ഥിരഭാവിക്കായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി. സ്ഥിരം ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ഇല്ലാത്തതിനാൽ ദൈനംദിനകാര്യങ്ങൾ ഉൾപ്പെട വിഷമതകൾ നേരിടുന്നു.

ഏലൂരിലെ ഉദ്യോഗമണ്ഡൽ ആസ്ഥാനമായി അമ്പലമുകളിലും പ്രവർത്തിക്കുന്ന ഫാക്ട് രണ്ടു പതിറ്റാണ്ടായി പ്രതിസന്ധിയിലാണ്. വളങ്ങൾക്ക് രാജ്യമാകെ വൻ പ്രിയമാണെങ്കിലും ആവശ്യാനുസരണം ഉദ്പാദനവും വിതരണവും വർദ്ധിപ്പിക്കാൻ കഴിയുന്നില്ല. മുൻകാലനഷ്ടവും കടങ്ങളും ബാദ്ധ്യതയായി തുടരുകയാണ്. ഉദ്പാദനം വർദ്ധിപ്പിക്കാൻ അസംസ്‌കൃത വസ്തുക്കൾ വാങ്ങാനും കഴിയുന്നില്ല. ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ഉൾപ്പെടെ പ്രധാന പദവികളിൽ സ്ഥിരം ആളില്ലാത്തതും രക്ഷയ്‌ക്ക് തടസമായി മാറുകയാണ്.

 കേന്ദ്രം ചെയ്യേണ്ടത്

1. ഫാക്ടിന് അർഹമായ മിനിരത്‌ന പദവി നൽകുക

2. വായ്പകൾക്കു പലിശ ഒഴിവാക്കി വാഗ്ദാനം ചെയ്ത സാമ്പത്തിക പാക്കേജ് അനുവദിക്കുക

3. പെട്രോനെറ്റ് കമ്പനികൾ അധികമായി ഈടാക്കിയ എൽ.എൻ.ജി റീഗ്യാസിഫിക്കേഷൻ ചാർജ് തിരികെ നൽകുക

സംസ്ഥാനം ചെയ്യേണ്ടത്

1. ഫാക്ട് ഉപയോഗിക്കുന്ന എൽ.എൻ.ജിയുടെ വില്പന നികുതി ഒഴിവാക്കുക

2. മുൻ യു.ഡി.ഫ് സർക്കാർ നൽകിയ നികുതി ഒഴിവാക്കൽ തുടരണം

 പാക്കേജ് കിട്ടാക്കനി

ഫാക്ടിന്റെ രക്ഷയ്‌ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം 2004 മുതൽ 2014 വരെ ഭരിച്ച ഡോ. മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് ഉയർന്നതാണ്. 991.9 കോടി രൂപ അനുവദിക്കുകയെന്ന രക്ഷാ പാക്കേജാണ് നിർദ്ദേശം. 2013 മാർച്ച് വരെയുള്ള നഷ്ടമായ 441.9 കോടി രൂപ എഴുതിത്തള്ളുക, ഒറ്റത്തവണ ഗ്രാന്റായി 250 കോടി രൂപ നൽകുക, 300 കോടി രൂപ കുറഞ്ഞ പലിശ നിരക്കിൽ നൽകുകയോ വായ്പക്ക് ബാങ്കുകളിൽ കേന്ദ്രം ഗ്യാരന്റി നിൽക്കുകയോ ചെയ്യുക എന്നിവയായിരുന്നു പാക്കേജ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരും പാക്കേജ് നൽകിയിട്ടില്ല.

പാക്കേജിന് കാത്തിരിപ്പ്
കേരളത്തിൽ നിന്ന് എട്ടു മന്ത്രിമാരും 12 എം.പിമാരുമുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാർ അംഗീകരിച്ചില്ല

പാക്കേജ് അനുവദിക്കാൻ മുഴുവൻ സംഘടനകളും ഉൾപ്പെട്ട സേവ് ഫാക്ട് 249 ദിവസം തുടർച്ചയായി നടത്തിയ സമരം നടത്തി

2015 ജൂൺ 20 ന് സമരം അവസാനിപ്പിച്ചെങ്കിലും പാക്കേജ് ലഭിച്ചില്ല

സ്ഥിതി ഇങ്ങനെ

2024 ഫെബ്രുവരി രണ്ടു മുതൽ സ്ഥിരം സി.എം.ഡി ഇല്ല

മുൻകാലങ്ങളെ അപേക്ഷിച്ചു ഉത്പാദന, വിപണനരംഗങ്ങളിൽ തളർച്ച

കാപ്രോലാക്ടം ഉത്പാദനവും നിറുത്തിയിട്ട് ഒരുവർഷത്തിലേറെയായി

കഴിഞ്ഞ സാമ്പത്തികവർഷം ലാഭത്തിലും വൻകുറവ്

''ഫാക്ടിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര രാസവളം മന്ത്രി ജെ. പി. നദ്ദയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.""

എൻ.കെ. പ്രേമചന്ദ്രൻ എം.പി

പ്രസിഡന്റ്

ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL