
കൊച്ചി: സ്വത്ത് കൈക്കലാക്കാൻ ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. നാടകീയത നിറഞ്ഞ സംഭവത്തിൽ 46കാരനെ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്ന് 24 മണിക്കൂറിനകം മോചിപ്പിച്ച് മരട് പൊലീസ്. കേസിൽ ആദ്യ ഭാര്യയെയും കൂട്ടുപ്രതികളായ രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.
തൈക്കൂടത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് വിരുതുനഗർ വൈരവനങ്ങൂർ പാപ്പനം സ്വദേശി മുരുകൻ ചൊക്കലിംഗത്തെയാണ് തട്ടിക്കൊണ്ടുപോയത്. ദുഃഖവെള്ളിയാഴ്ച രാത്രി 10 നായിരുന്നു സംഭവം. മുരുകനൊപ്പം കഴിയുന്ന 36കാരിയായ ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മുരുകന്റെ ഭാര്യയും തമിഴ്‌നാട് വിരുതുനഗർ സ്വദേശിനിയുമായ ചെല്ലമീനാൾ, ഇവരുടെ സഹോദരങ്ങളായ കടമ്പവല്ലി, തവിടൻ എന്നിവരാണ് റിമാൻഡിലായത്.
കടത്തിയത് രണ്ട് ഏക്കർ നിലത്തിന്
തട്ടുകട നടത്തുകയാണെങ്കിലും നാട്ടിൽ രണ്ട് ഏക്കർ കൃഷിഭൂമി മുരുകന്റെ പേരിലുണ്ട്. ഇത് ചെല്ലമീനാളിന്റെ പേരിലേക്ക് എഴുതിയെടുക്കാനായിരുന്നു പദ്ധതി. ഭീഷണിപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.
സീൻ 1
പത്ത് വർഷം മുമ്പ് എറണാകുളത്തെത്തിയ മുരുകൻ വൈറ്റിലയിൽ തട്ടുകട നടത്തുകയാണ്. ചെല്ലമീനാളുമായി നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല. ഏതാനും വർഷം മുമ്പാണ് ആന്ധ്ര സ്വദേശിനിയെ കൂടെ കൂട്ടിയത്. ഇവരെ വിവാഹം കഴിച്ചിട്ടില്ല. ചെല്ലമീനാളും ബന്ധുക്കളും മറ്റുമായി ഏഴുപേർ കാറിൽ തൈക്കൂടത്തെ വാടകവീട്ടിലെത്തി മുരുകനെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
സീൻ 2
പരാതി ലഭിച്ചയുടൻ മരട് എസ്.ഐ. ടി.കെ. സുധീറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടിവി ക്യാമറകൾ പരിശോധിച്ചു. കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്ന് പിറ്റേന്ന് സി.പി.ഒമാരായ ഫസൽ, പ്രവീൺ, ദീപ എന്നിവരടങ്ങുന്ന സംഘം വിരുതുനഗറിലേക്ക് തിരിച്ചു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സ്ഥലത്ത് എത്തുമ്പോൾ മുരുകൻ ചെല്ലമീനാളിന്റെ ബന്ധുക്കളുടെ തടവിലായിരുന്നു.
സീൻ 3
ഏത് വിധേനയും മുരുകനെ രക്ഷിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാൽ തിരുട്ടുഗ്രാമവാസികൾ പൊലീസിനെ വളഞ്ഞതോടെ രംഗം നാടകീയമായി. ഒടുവിൽ ബലപ്രയോഗത്തിലൂടെ പൊലീസ് മുരുകനെ ഇവരുടെ ഒളിസങ്കേതത്തിൽ നിന്ന് മോചിപ്പിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |