SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

വളർത്തു തത്തകളെ പൊക്കാൻ വനം വകുപ്പിറങ്ങി

parrot

കോലഞ്ചേരി: വഴിവക്കിൽ കൂട്ടിൽ കിടക്കുന്ന തത്തകളെ വാങ്ങി വീട്ടിൽ വളർത്താൻ നോക്കരുത്. പിടികൂടിയാൽ അഴിയെണ്ണേണ്ടി വരും. വനംവകുപ്പിന്റെ ഷെഡ്യൂൾ നാലിൽ വരുന്ന വിഭാഗമാണ് ഇൻഡ്യൻ പാര​റ്റ് ഇനത്തിൽപ്പെട്ട നാടൻ തത്തകൾ. ഇവയെ വളർത്തുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കു​റ്റമാണ്. ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമായതോടെ വിദേശത്തുനിന്നെത്തുന്ന അലങ്കാര തത്തകൾക്കാണ് ഇപ്പോൾ പ്രിയം.

സേലത്ത് നിന്നെത്തുന്ന നാടൻ

കൂട്ടിനുള്ളിൽ വളർത്തുന്ന തത്തകളെ കു​റ്റകൃത്യത്തിന്റെ ഗൗരവമറിയുമ്പോൾ തുറന്നുവിടുകയാണ് പലരും ചെയ്യുന്നത്. കുഞ്ഞായിരിക്കുമ്പോൾ പിടിച്ച് കൂട്ടിലാക്കിയവ പറത്തി വിട്ടാലും സമീപ പ്രദേശങ്ങളിൽ തന്നെ ജീവിക്കാനാകും ശ്രമം. മ​റ്റ് പക്ഷികൾ കൊത്തി ഉപദ്രവിക്കുന്നത് കാണുമ്പോൾ ചിലരെങ്കിലും ആരുമറിയാതെ വീണ്ടും കൂട്ടിനുള്ളിലാക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം കോലഞ്ചേരി അയൽവാസികൾ തമ്മിലുണ്ടായ വഴക്കിൽ തത്തയെ കരുവാക്കിയ സംഭവവും ഉണ്ടായി. കാര്യം വനം വകുപ്പിനെ അറിയിച്ചു. വനപാലകർ എത്തിയെങ്കിലും തത്തയെ കണ്ടെത്താൻ കഴിയാതെ തിരിച്ചു പോവുകയായിരുന്നു.

നാടൻ തത്തകളെ തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് എത്തിക്കുന്നത്. ഇവയെ വഴിവക്കിലും കൂടുകളിലാക്കി വീട്ടിലുമെത്തിച്ചു നൽകിയാണ് കച്ചവടം. തത്ത വളർത്തുന്നത് കു​റ്റകരമാണെന്നറിയാതെ 300 മുതൽ 800 വരെ രൂപ വില നൽകിയാണ് പലരും വാങ്ങുന്നത്. ഇതോടൊപ്പം ഓമനകളുടെ ഗണത്തിൽ വരുന്ന മൈനയും വരും.

വിദേശിയെ വളർത്താം

വിദേശികളിൽ സംസാരിക്കുന്ന തത്തകൾ മുതൽ സർക്കസ് അഭ്യാസികൾ വരെയുണ്ട്. സംസാരം കൂടുന്നതനുസരിച്ചു വിലയും കൂടുമെന്നു മാത്രം. ആഫ്രിക്കൻ ഗ്രേ പാര​റ്റ് ഇക്കൂട്ടത്തിൽപ്പെട്ടതാണ്. കോംഗോ ഗ്രേ പാര​റ്റ് ആണെങ്കിൽ വാലിൽ ചുവപ്പുനിറവുമുണ്ടാകും. രണ്ടരമാസം പ്രായമായാൽ ഇവയെ വാങ്ങി വളർത്താം. അഞ്ചുമാസമാകുമ്പോഴേക്കും സംസാരിച്ചു തുടങ്ങും. രണ്ടു വയസാകുമ്പോഴേക്കും നല്ല സ്ഫുടമായി സംസാരിക്കും. ഏതാണ്ട് 60 വയസുവരെ ആയുസുണ്ട് ഇവയ്ക്ക്.

കോനൂർ ഇനത്തിൽ ഒട്ടേറെ തത്തകളുണ്ടെങ്കിലും സൺ കോനൂറിനാണ് ഡിമാൻഡ്. മനുഷ്യനുമായി ഏ​റ്റവുമധികം ഇണങ്ങുന്ന തത്തകളായാണ് ഇന്തോനീഷ്യൻ ഇനമായ ലോറിസ് അറിയപ്പെടുന്നത്. ഇതിലൊക്കെ വമ്പനാണ് വലിപ്പത്തിലും ആയുസിലും ഏ​റ്റവും വലുതായ മെക്കാവു. ആമസോൺ കാടുകളിൽനിന്നാണ് വരവ്. അടിസ്ഥാന വില ഒരു ലക്ഷം രൂപ. തലയിൽ കിരീടം പോലെ മഞ്ഞത്തൂവലുള്ള ഓസ്‌ട്രേലിയൻ ഇനമായ കൊക്കാ​റ്റൂവിനും ആവശ്യക്കാരേറെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PARRET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL