SignIn
Kerala Kaumudi Online
Monday, 21 September 2026 7.27 PM IST

അ​ബ​ലാ​ശ​ര​ണ​ത്തി​ന് ​പ​ട്ട​യ​മാ​യി

abalasaranam

കൊച്ചി: തപസ്വിനിയമ്മ സ്ഥാപിച്ച എറണാകുളം ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിനായി (എസ്.എൻ.വി സദനം) 1921ൽ രാമവർമ്മ രാജാവ് 'വാമൊഴിദാന'മായി നൽകിയ ഭൂമിക്ക് ഒരുനൂറ്റാണ്ടിന് ശേഷം ജനാധിപത്യ സർക്കാർ പട്ടയം കൈമാറുന്നു.

എറണാകുളം ടി.ഡി. റോഡിൽ പ്രവർത്തിക്കുന്ന അബലാശരണത്തിന്റെ കൈവശമുള്ള 8സെന്റ് ഭൂമിയുടെ പട്ടയം നാളെ വൈകിട്ട് 5ന് മന്ത്രി കെ. രാജൻ എസ്.എൻ.വി സദനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.സാനുവിന് കൈമാറും. മന്ത്രി പി. രാജീവ് സാന്നിദ്ധ്യം വഹിക്കും.

അവശത അനുഭവിക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കാനും തൊഴിൽ പരിശീലനം നേടാനുമായ തപസ്വിനിയമ്മ എന്ന സന്യാസിനി സ്ഥാപിച്ചതാണ് അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്‌കൂൾ. ഇതിന്റെ ഭാഗമായി പിന്നീട് എസ്.എൻ.വി സദനം എന്ന ഹോസ്റ്റലും സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെയും ഡോ. പല്പുവിന്റെയും നിർദ്ദേശപ്രകാരമാണ് 'അബലാശരണം' സ്ഥാപിതമായത്.

പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പട്ടയ അപേക്ഷ കഴിഞ്ഞ മാർച്ച് 18ന് ചേർന്ന മന്ത്രിസഭായോഗമാണ് പരിഗണിച്ചത്. ഉദ്യോഗസ്ഥർ തട്ടിക്കളിച്ച ഫയൽ 2010മുതൽ മന്ത്രിമാരുടെ കൈകളിലായി. മുഖ്യമന്ത്രി പിണറായി വിജയനെ എം.കെ. സാനു വിഷയം ധരിപ്പിച്ചതോടെയാണ് പരിഹാരത്തിന് വഴിതുറന്നത്. റവന്യു മന്ത്രി കെ. രാജൻ പ്രത്യേക താത്പര്യമെടുത്ത് നടപടിക്രമങ്ങൾ വേഗത്തിലാക്കി.

 തപസ്വിനിയമ്മയ്ക്ക് ​രാ​ജാ​വി​ന്റെ​ ​ദാ​നം

തപസ്വിനിയമ്മ വീടുകൾതോറും ഭിക്ഷയെടുത്താണ് അബലാശരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വിവരമറിഞ്ഞ രാജാവ്, അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ, അയ്യാക്കുട്ടി ജഡ്ജി എന്നിവരെ തപസ്വിനിയമ്മയുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ പഴയ ആയുധപ്പുരയായ കാനൻ ഷെഡും അതിനോട് ചേർന്ന എട്ടുസെന്റ് സ്ഥലവും അബലാശരണത്തിന് രാജാവ് ദാനം ചെയ്തു. ഇതുസംബന്ധിച്ച രേഖകളൊന്നും കൈമാറിയിരുന്നില്ല.

ജനാധിപത്യം പുലർന്നപ്പോൾ രാജകല്പനകൾ കാലഹരണപ്പെട്ട കൂട്ടത്തിൽ കാനൻ ഷെഡിന്റെ അവകാശവും അനിശ്ചിതത്വത്തിലായി. 1957മുതൽ പ്രൊഫ. പി.എസ്. വേലായുധന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ്.എൻ.വി ട്രസ്റ്റാണ് സദനത്തിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്. കെ.ജി.ടി.ഇ അംഗീകാരമുള്ള രണ്ടുവർഷത്തെ തൊഴിലധിഷ്ഠിത ഫാഷൻഡിസൈനിംഗ് കോഴ്‌സ് സൗജന്യമായി നടത്തുന്ന സ്ഥാപനത്തിൽ ലക്ഷദ്വീപിൽ നിന്നുൾപ്പെടെ പെൺകുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL