SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

വിസ്‌മയത്തിന് വകയില്ല; പോരിന് തളർച്ചയുമില്ല

election
എറണാകുളം

കൊച്ചി: എറണാകുളത്ത് വിസ്‌മയത്തിന് വകയില്ല. തങ്ങളുടെ കോട്ടയിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫിന്റെ തേരോട്ടം. സി.പി.എം കൈമാറിയ സീറ്റിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലൂടെ എൽ.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നില്ല. വോട്ടുവിഹിതം സാരമായി വർദ്ധിപ്പിക്കുകയാണ് എൻ.ഡി.എയുടെ വെല്ലുവിളി.

ക്രൈസ്‌തവവോട്ടുകൾക്ക് സ്വാധീനമുള്ള എറണാകുളം എൽ.ഡി.എഫിന് ബാലികേറാമലയാണ്. 1998ൽ ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോളിന് ശേഷം എൽ.ഡി.എഫിന് വിജയം ലഭിച്ചിട്ടില്ല. സ്വതന്ത്രരെ മത്സരിപ്പിക്കുന്ന പതിവ് അവസാനിപ്പിച്ച് സി.പി.എം സഖ്യകക്ഷിക്ക് എറണാകുളം വിട്ടുനൽകി.

2021ൽ 10,970 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ടി.ജെ. വിനോദ് എൽ.ഡി.എഫ് സ്വതന്ത്രൻ ഷാജി ജോർജിനെ തോൽപ്പിച്ചത്. 67.21 ശതമാനമായിരുന്നു പോളിംഗ്. രാഷ്ട്രീയത്തിനപ്പുറം സമുദായം നിർണായകഘടകമായ എറണാകുളത്ത് ലത്തീൻ സമുദായാംഗങ്ങളെ

ഇടതുവലതു മുന്നണികൾ സ്ഥാനാർത്ഥികളാക്കി. കൊച്ചിയുടെ മുൻ ഡെപ്യൂട്ടി മേയർമാരാണ് സ്ഥാനാർത്ഥികൾ.

ആത്മവിശ്വാസത്തിൽ യു.ഡി.എഫ്

ടി.ജെ. വിനോദാണ് വീണ്ടും മത്സരിക്കുന്നത്. മുൻ വിജയത്തിന്റെ ആത്മവിശ്വാസവും യു.ഡി.എഫിന്റെ പൊതുമുന്നേറ്റവുമാണ് വിനോദിന്റെ പ്രതീക്ഷ. എം.എൽ.എയെന്ന നിലയിൽ നഗരത്തിന്റെ വികസനത്തിലും വഹിച്ച പങ്ക് എടുത്തുപറഞ്ഞാണ് പ്രചാരണം. ജനസമ്പർക്കവും പ്രതികരണവും വിജയം ഉറപ്പിക്കുന്നതാണെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു.

നഗരസഭാ ഡെപ്യൂട്ടി മേയർ, കൗൺസിലർ, ഡി.സി.സി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം നടത്തിയ പ്രവർത്തനം വഴി വിപുലമായ വ്യക്തിബന്ധങ്ങളും വിനോദിനുണ്ട്.

പാർട്ടി സ്ഥാനാർത്ഥിയുമായ എൽ.ഡി.എഫ്

പാർട്ടി സ്ഥാനാർത്ഥിയാണ് ഇക്കുറി എൽ.ഡി.എഫിനായി മത്സരിക്കുന്നത്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ സാബു ജോർജ്. ദീർഘകാലമായി രാഷ്ട്രീയരംഗത്ത് സജീവമാണ്. നഗരസഭാ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്തെ അടിമുടി അറിയുന്ന വ്യക്തിയുമാണ്. ക്രൈസ്‌തവ സഭകളുമായി അടുപ്പവുമുണ്ട്.

എൽ.ഡി.എഫിന് മികച്ച സംഘടനാ സംവിധാനം നിലവിലുള്ള മണ്ഡലമാണ് എറണാകുളം. തൊഴിലാളി സംഘടനാരംഗത്തുൾപ്പെടെ പ്രവർത്തിച്ച പരിചയവുമുണ്ട്. സഭാബന്ധവും പിണറായി വിജയൻ സർക്കാരിന് അനുകൂലമായ ജനങ്ങളുടെ ചിന്തയും ഗുണകരമാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

വോട്ടുകുതിപ്പിന് എൻ.ഡി.എ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പ്രഭാവത്തിൽ വോട്ടുവിഹിതം പരമാവധി വർദ്ധിപ്പിക്കുകയെന്ന ദൗത്യമാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.ആർ. ശിവശങ്കർ ഏറ്റെടുത്തത്. ബി.ജെ.പിയിലെ സൗമ്യമുഖവും ബൗദ്ധിക ചിന്തകനുമാണ് ശിവശങ്കർ. നഗരത്തിന് സുപരിചിതനുമാണ്.

പ്രചാരണത്തിലുടനീളം എല്ലാ വിഭാഗങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് ശിവശങ്കറും എൻ.ഡി.എ നേതാക്കളും പറയുന്നു. ഇടതുവലതു മുന്നണികൾ ക്രൈസ്‌തവ വോട്ടുകൾക്ക് പിന്നാലെ പോകുമ്പോൾ ഗൗഡസാരസ്വതർ ഉൾപ്പെടെ ഹൈന്ദവർ പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

2021 വോട്ടുനില

യു.ഡി.എഫ് ടി.ജെ. വിനോദ് 45930

എൽ.ഡി.എഫ് ഷാജി ജോർജ് 34960

എൻ.ഡി.എ പദ്മജ എസ്. മേനോൻ 16043

യു.ഡി.എഫ് ഭൂരിപക്ഷം 10,970

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL