SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പിറവത്ത് വീണ്ടും ജേക്കബുമാരുടെ പോരാട്ടം; വികസനത്തുടർച്ച ലക്ഷ്യമിട്ട് അനൂപ് ജേക്കബ്

y

പിറവം: നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ജേക്കബ് എന്ന പേര് സ്ഥിരസാന്നിദ്ധ്യമാണ്. പലപ്പോഴും രണ്ട് ജേക്കബുമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുന്ന മണ്ഡലത്തിൽ ഇക്കുറിയും അതേ രാഷ്ട്രീയ ചിത്രം തന്നെ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപ് ജേക്കബ്, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സാബു കെ. ജേക്കബ്, എൻ.ഡി.എ സ്ഥാനാർത്ഥിയായി ജിബി എബ്രഹാം എന്നിവർ തമ്മിലാണ് പോരാട്ടം. ഇതുവരെ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ പത്തിലും വിജയിച്ചത് ജേക്കബുമാർ. മുൻമന്ത്രി ടി.എം. ജേക്കബ് അഞ്ച് തവണയും അനൂപ് ജേക്കബ് മൂന്ന് തവണയും വിജയിച്ചതോടെ പിറവം യു.ഡി.എഫിന്റെ താവളമായി. ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു അനൂപ് ജേക്കബിന്റെ അരങ്ങേറ്റം. 2012 മുതൽ തുടരുന്ന വിജയയാത്ര ഇക്കുറിയും തുടരുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

ജനങ്ങളോടുള്ള അടുപ്പവും സൗമ്യമായ രാഷ്ട്രീയ ശൈലിയും അനൂപ് ജേക്കബിന്റെ ശക്തിയായി വിലയിരുത്തപ്പെടുന്നു. തെങ്ങിൻതോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പിറവത്തിന്റെ മണ്ണിൽ വേരൂന്നിയ വിശ്വാസത്തിന്റെ പ്രതീകമായി തെങ്ങിൻതോപ്പ് വീണ്ടും ജനവിധി തേടുകയാണ്. വികസന വാഗ്ദാനങ്ങളുമായാണ് അനൂപ് ജേക്കബ് ജനങ്ങളെ സമീപിക്കുന്നത്. റോഡുകൾക്ക് 303.85 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 300 കോടിയും പാലങ്ങൾക്കായി 62.05 കോടിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് കോടിയോളം വരുന്ന പദ്ധതികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ജലസേചനം, വൈദ്യുതി, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങീ മേഖലകളിലും സമഗ്ര വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

മുളന്തുരുത്തി, കൂത്താട്ടുകുളം ആരോഗ്യ കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുന്നതും പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ വിഭാഗങ്ങൾ ആരംഭിക്കുന്നതും ഉൾപ്പെടെ ആരോഗ്യരംഗത്തും വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. തിരുവാങ്കുളം ബൈപ്പാസ്, പിറവം ബൈപ്പാസ്, മോനിപ്പള്ളി–പിറവം റോഡ് വികസനം എന്നിവ ഉൾപ്പെടെയുള്ള പ്രധാന റോഡ് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പിറവത്തിൽ വീണ്ടും ജേക്കബുമാരുടെ പോരാട്ടമുണ്ടെങ്കിലും വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സമീപിക്കുന്ന അനൂപ് ജേക്കബിന് മണ്ഡലത്തിൽ അനുകൂല തരംഗമുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL