
ആലുവ: ജി.പി.എസ് പുതുക്കുന്ന കരാർ കമ്പനിക്ക് പണം നൽകാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ നൂറുകണക്കിന് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസ് ടെസ്റ്റ് ഒന്നര മാസത്തിലേറെയായി തടസപ്പെട്ടു. ഇതോടെ നിരവധി റൂട്ടുകളിൽ സർവീസും മുടങ്ങുന്നു. ഗതാഗത മന്ത്രി ഫണ്ട് അനുവദിച്ചാൽ മാത്രമേ ഇനി പെയിന്റിംഗും മറ്റ് അറ്റകുറ്റപ്പണികളും പൂർത്തിയാക്കി ടെസ്റ്റിനായി കാത്തിരിക്കുന്ന ബസുകൾ നിരത്തിലിറക്കാനാവൂ. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിലെ ജി.പി.എസ് സംവിധാനം പുതുക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി വി.എസ്.ടി, യുണൈറ്റഡ് എന്നീ കമ്പനികളെയാണ് കരാർ ഏല്പിച്ചിരിക്കുന്നത്. യുണൈറ്റഡിന് കുടിശിക ലഭിക്കാനില്ലാത്തതിനാൽ ആ മേഖലകളിലെ ബസുകളെ പ്രതിസന്ധി ബാധിച്ചിട്ടില്ല.
ഫിറ്റ്നസ് ലഭിക്കാതായതോടെ ലാഭകരമല്ലാത്ത റൂട്ടുകളാണ് എല്ലാ ഡിപ്പോകളിലും ആദ്യഘട്ടത്തിൽ നിറുത്തിയിരിക്കുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതൽ ബസുകൾ കട്ടപ്പുറത്താകുന്ന സാഹചര്യമാണ്. പെയിന്റിംഗും അറ്റകുറ്റപ്പണികളും കഴിഞ്ഞ് ബസുകൾ ദിവസങ്ങളോളം നിറുത്തിയിടുമ്പോൾ ബാറ്ററികളും തകരാറിലാകാൻ സാദ്ധ്യതയുണ്ട്. വലിയ സാമ്പത്തിക ബാദ്ധ്യതയായതിനാൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നേരിട്ട് പ്രശ്നപരിഹാരം സാദ്ധ്യമല്ല. മന്ത്രിസഭാ തലത്തിൽ തന്നെ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
ആലുവ ഡിപ്പോയിൽ ബസ് ക്ഷാമം; യാത്രക്കാർ വലയുന്നു
ജി.പി.എസ് പുതുക്കി ലഭിക്കാത്തതിനാൽ ടെസ്റ്റ് മുടങ്ങിയതോടെ ആലുവ ഡിപ്പോയിൽ ബസ് ക്ഷാമം രൂക്ഷമാണ്. പെയിന്റിംഗും അറ്റകുറ്റപ്പണിയുമെല്ലാം പൂർത്തിയാക്കിയ അര ഡസനോളം ബസുകൾ രണ്ടാഴ്ചയിലേറെയായി ടെസ്റ്റ് നടത്താൻ കഴിയാതെ ഗ്യാരേജിലാണ്.
കീഴ്മാട്, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള സർവീസുകൾ നിറുത്തിവച്ചിരിക്കുകയാണ്. മേയ് അവസാനിക്കുന്നതോടെ ഏഴ് ബസുകൾ കൂടി നിരത്തിലിറക്കാനാവാത്ത സാഹചര്യം ഉണ്ടാകും. ആലുവ ഡിപ്പോയിലുള്ള 63 ബസുകളിൽ 52 എണ്ണമാണ് ഷെഡ്യൂളുകൾക്കായി ക്രമീകരിച്ചിരിക്കുന്നത്. ശേഷിക്കുന്നവ അറ്റകുറ്റപ്പണി സമയത്ത് ഉപയോഗിക്കുന്നവയാണ്. കീഴ്‌മാട് സർക്കുലർ റൂട്ടിൽ കഴിഞ്ഞ ദിവസം ബസ് ക്ഷാമം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫാസ്റ്റ് പാസഞ്ചർ ബസാണ് സർവീസിനായി ഉപയോഗിച്ചത്.
അടിയന്തര നടപടി വേണം
ജി.പി.എസ് സംവിധാനം പുതുക്കി ടെസ്റ്റുകൾ സമയബന്ധിതമായി നടത്താൻ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം ജനങ്ങൾ കെ.എസ്.ആർ.ടി.സിക്കെതിരെ തിരിയും.
പി.വി. സതീഷ്
കെ.എസ്.ആർ.ടി.സി എംപ്ളോയീസ് സംഘ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |