
മുളന്തുരുത്തി: പള്ളിത്താഴത്ത് പ്രവർത്തിക്കുന്ന എം.എം. മാർട്ടിനോട് ചേർന്നുള്ള ജ്യൂസ് കടയിൽ നിന്ന് മലിനജലം പൊതുറോഡിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥാപനം താത്കാലികമായി പൂട്ടിച്ചു. മലിനജലം റോഡിലേക്ക് ഒഴുകുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലൈജുമോൻ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജോയൽ കെ. ജോയി, വാർഡ് അംഗം ബിനോയ് ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ വിജേഷ് എന്നിവർ ചേർന്ന് പരിശോധന നടത്തി.
പരിശോധനയിൽ മലിനജലം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞ് കവിഞ്ഞൊഴുകുന്നതായി കണ്ടെത്തി. കൂടാതെ സ്ഥാപനത്തിലെ ജീവനക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഹെൽത്ത് കാർഡില്ലെന്നും വ്യക്തമായി. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കാൻ അധികൃതർ നിർദേശിച്ചു. അപാകതകൾ പരിഹരിക്കുകയും ജീവനക്കാരുടെ ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കുകയും ചെയ്തശേഷം മാത്രമേ സ്ഥാപനം വീണ്ടും പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |