
കോതമംഗലം: ഒരിടവേളയ്ക്ക് ശേഷം കാട്ടിൽ നിന്നിറങ്ങി നാടിളക്കുകയാണ് മലയോരമേഖലകളിൽ കാട്ടാനകൾ. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ വീണ്ടും കാട്ടാനശല്യം വർദ്ധിച്ചു. വടക്കുംഭാഗം, മുട്ടത്തുപാറ, കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ പ്രദേശങ്ങളിലാണ് സമീപ ദിവസങ്ങളിൽ ആനശല്യം ഉണ്ടായത്. പതിവുപോലെ പൈനാപ്പിൾ, വാഴ, റമ്പൂട്ടാൻ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കയ്യാലയും മതിലും തകർക്കുകയും ചെയ്തു.
നേരം പുലരുന്നതുവരെ ആനകൾ ജനവാസമേഖലയിൽ തുടരുന്നുണ്ട്. വാഹനങ്ങളും ആളുകളും റോഡിൽ സജീവമാകുന്ന സമയത്താണ് പലപ്പോഴും ആനകളുടെ മടക്കയാത്ര. കുറച്ചുനാളായി ആനശല്യം കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന നാട്ടുകാർക്ക് വീണ്ടും ആശങ്കയുടെയും ഭയത്തിന്റെയും നാളുകളായിരിക്കുകയാണ്. കോട്ടപ്പാറ പ്ലാന്റേഷനിൽ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയിരുന്ന ഒരു പറ്റം ആനകളാണ് വീണ്ടും കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തികളോടടുത്ത് തമ്പടിച്ചിരിക്കുന്നത്. തീറ്റയുടെ ലഭ്യതയാണ് ഇതിന് കാരണമെന്ന് പറയുന്നു.
പിടിയാനയുടെ
പിടിയിൽ കോട്ടപ്പാറ
കോട്ടപ്പാറ പ്ലാന്റേഷനിലെ ജനവാസമേഖലകൾക്ക് ഭീഷണിയാകുകയാണ് ഒരു പിടിയാന. കൂട്ടത്തിൽപ്പെടാതെ ഒറ്റയ്ക്കാണ് ഈ ആനയുടെ യാത്ര. സമീപ ദിവസങ്ങളിൽ പല ജനവാസമേഖലകളിലൂം ഇതിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മുട്ടത്തുപാറയിലൂടെ കഴിഞ്ഞ ദിവസം കടന്നുപോയത് രാവിലെ എട്ടുമണിയോടെയാണ്. കൃഷിയിടങ്ങളിലൂടേയും റോഡിലൂടെയും ലവലേശം ഭയമില്ലാതെയാണ് ആന ചുവടുവച്ചത്. പടക്കംപൊട്ടിച്ചും ഒച്ചവച്ചും ഓടിക്കാനുള്ള ശ്രമമൊന്നും ആന അറിഞ്ഞഭാവംകാണിച്ചില്ല.
പടക്കത്തിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ആന തിരിയുന്ന കാഴ്ചയും കാണാനായി. കാർഷിക വിളകൾ തിന്ന് കൂസലില്ലാതെയാണ് ആന ജനവാസമേഖല വിട്ടത്. ജനവാസമേഖലകൾക്ക് ഭീഷണിയായി മാറിയിരിക്കുന്ന പിടിയാനയെ മയക്കുവെടിവച്ച് പിടികൂടി പ്രദേശത്തുനിന്നും മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി ഭാഗങ്ങളിൽ തിങ്കളാഴച രാത്രി ഇറങ്ങിയത് നാല് അംഗ സംഘം. വീടുകളുടെ മുറ്റത്ത് വരെ ഇവയെത്തി. കഴിഞ്ഞ ദിവസങ്ങളിലും ആന കൂട്ടം നാശം വിതച്ചിരുന്നു.
ഫെൻസിംഗല്ല,
വേണ്ടത് ട്രഞ്ച്
ആനശല്യം തടയാൻ ഫെൻസിംഗ് ഫലപ്രദമല്ലെന്നും ട്രഞ്ച് ആണ് വേണ്ടതെന്നുമാണ് ഏറെ കാലമായി ഉയരുന്ന നിർദേശം. ഈ ആവശ്യത്തിന് അടിവരയിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. മുട്ടത്തുപാറയിൽ വനത്തോട് ചേർന്നുള്ള മൂന്ന് വശത്തും ട്രഞ്ച് ഉള്ള സ്വകാര്യ കൃഷിയിടമുണ്ട്. ഇന്നലെ രാവിലെ ഇവിടെ എത്തിയ പിടിയാന ട്രഞ്ച് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ആന ഭയപ്പെട്ട് പിൻമാറുകയായിരുന്നു. പിന്നീട് റോഡിനോട് ചേർന്ന് ട്രഞ്ചില്ലാത്ത ഭാഗത്തുകൂടിയാണ് ആന കൃഷിയിടത്തിൽ നിന്ന് പുറത്തുകടന്ന് പ്ലാന്റേഷനിലേക്ക് നീങ്ങിയത്.
വനാതിർത്തിയിൽ ട്രഞ്ച് ഉണ്ടെങ്കിൽ ആന നാട്ടിലിറങ്ങില്ലെന്നതിന്റെ വ്യക്തമായ തെളിവായി നാട്ടുകാർ ഈ സംഭവം ചൂണ്ടികാണിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |