
കൊച്ചി: മൺസൂണെത്തിയതോടെ ജില്ല വീണ്ടും പനിക്കിടക്കയിലായി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 3,969
പനിബാധിതർ ചികിത്സ തേടി. 57 പേരെ കിടത്തി ചികിത്സയ്ക്ക് നിർദ്ദേശിച്ചു. 53 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് എലിപ്പനിയും ബാധിച്ചു. എച്ച്.വൺ എൻ.വൺ രോഗബാധ സംശയമുള്ള ഒരു സ്ത്രീ കഴിഞ്ഞ ദിവസം ജില്ലയിൽ മരിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വയറിളക്ക രോഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കടവന്ത്രയിൽ വിവാഹസത്കാരത്തിൽ പങ്കെടുത്ത 40 പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കടവന്ത്രയിലേതുപോലെ വലിയ പൊട്ടിപ്പുറപ്പെടൽ നിലവിലില്ല.
കടവന്ത്രയിലെ ജലസാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചു. മൺസൂൺ ശക്തമാകുന്നതോടെ വയറിളക്ക രോഗങ്ങൾക്കൊപ്പം ഡെങ്കി, എലിപ്പനി എന്നിവയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രധാന രോഗബാധിത പ്രദേശങ്ങൾ
ഡെങ്കിപ്പനി: എലൂർ, കുന്നുകര, നോർത്ത് പറവൂർ, എടപ്പള്ളി, തമ്മനം, ബിനാനിപുരം, വേങ്ങൂർ, പെരുമ്പാവൂർ, കൂവപ്പടി, കളമശേരി, തൃക്കാക്കര, പാമ്പാക്കുട, കടുങ്ങല്ലൂർ, ചൂർണിക്കര, ഏഴിക്കര, ഉദയംപേരൂർ, കടവന്ത്ര, വെണ്ണല, പൂതൃക്ക, എരൂർ, ഇടത്തല, കീച്ചേരി, കൂനമ്മാവ്, നെടുമ്പാശേരി, പിഴല, വരാപ്പുഴ.
എലിപ്പനി: കാലടി, മൂക്കന്നൂർ.
മലേറിയ: ഒക്കൽ.
എച്ച്.വൺ എൻ.വൺ മരണം:
പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു
ശ്വാസതടസവും കടുത്ത പനിയും ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലാരിവട്ടം അഞ്ചുമന സ്വദേശിനിയായ 75 വയസുള്ള വയോധിക മരിച്ചത്. സ്വകാര്യ ലാബിലെ പ്രാഥമിക പരിശോധനയിൽ ഇവർക്ക് എച്ച്.വൺ എൻ.വൺ സ്ഥിരീകരിച്ചിരുന്നു.
ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരോഗ്യവകുപ്പ് രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂ.
ഒരാഴ്ചത്തെ പനി ബാധിതർ
തീയതി, പനി ഒ.പി, പനി ഐ.പി, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ
മേയ് 28, 405, 10, 1, 0, 0
മേയ് 29, 584, 10, 2, 1, 0
മേയ് 30, 494, 9, 11, 0, 0
മേയ് 31, 305, 2, 8, 0 , 0
ജൂൺ 01, 590, 2 , 9 ,1, 0
ജൂൺ 02, 835 , 14 , 5 , 0 ,1
ജൂൺ 03, 756, 10 , 17 , 0 , 0
ആകെ 3,969 ,57, 53, 2 , 1
കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ പനി ബാധിതരുടെ എണ്ണം കുറവാണ്. മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്.
ഡോ. ആർ. ഷാഹിർഷാ
ജില്ലാ മെഡിക്കൽ ഓഫീസർ
എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |