SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.38 AM IST

വൈറ്റിലയിൽനിന്ന് കടത്തിയ സ്കൂട്ടറെത്തിയത് പൊലീസുകാരന്റെ വീടിനടുത്തുള്ള ആക്രിക്കടയിൽ: മോഷ്ടാക്കൾ കുടുങ്ങി

കൊച്ചി: ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ സ്കൂട്ടർ നാട്ടിലെ ആക്രിക്കടയിൽ പൊളിക്കാൻ എത്തിയിട്ടുണ്ടെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സംശയം ഇരുചക്രവാഹന മോഷണസംഘത്തെ കുടുക്കി. സ്കൂട്ടർ കടത്തിക്കൊണ്ടുപോയവരും ആക്രിക്കടയിലെ തൊഴിലാളികളും ഉൾപ്പെടെ നാലുപേരെ മരട് പൊലീസ് അറസ്റ്റുചെയ്തു.

വൈറ്റില ജംഗ്ഷനടുത്ത മെട്രോപില്ലർ 862ന് സമീപത്തുനിന്ന് കടത്തിക്കൊണ്ടുപോയ കെ.എൽ 39 ഡി 4566 സ്കൂട്ടറാണ് അരൂക്കുറ്റി ആയിരത്തെട്ട് ജംഗ്ഷനിലെ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തത്. ഇരുമ്പനം ചിത്രാഞ്ജലി ജംഗ്ഷൻ സ്വദേശിയായ നിമിഷ ഗോപന്റെ സ്കൂട്ടർ മേയ് 20നും 24നുമിടെയാണ് മോഷണം പോയത്.

സി.സി ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ കാര്യമായ തുമ്പുണ്ടായില്ല. ഇതിനിടെയാണ് അരൂർ സ്വദേശിയായ മരട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഫസൽ നാട്ടിലെ ആക്രിക്കടകൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയത്. ആയിരത്തെട്ട് ജംഗ്ഷനിലെ നിസാമിന്റെ കടയിൽ മോഷണംപോയ സ്കൂട്ടറിനോട് സാദൃശ്യമുള്ള ഇരുചക്രവാഹനംകണ്ട് സംശയംതോന്നി എസ്.ഐയെ അറിയിച്ചു. സ്കൂട്ടറിന്റെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയിരുന്നു.

മരട് എസ്.ഐ സാന്റെയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ആക്രിക്കടയിലെ ജീവനക്കാരും അരൂക്കുറ്റി സ്വദേശികളുമായ റിഷാദ് (36), അബ്ദുൽ സലാം (39) എന്നിവരെ കസ്റ്റഡിയിലെടുത്ത് തെളിവു നശിപ്പിക്കാതിരിക്കാൻ കരുതൽതടങ്കൽ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യംചെയ്തപ്പോൾ വൈറ്റിലയിൽനിന്ന് സ്കൂട്ടർ കടത്തിക്കൊണ്ടുവന്നവരെക്കുറിച്ച് വിവരം ലഭിച്ചു. മെട്രോപില്ലറിന് സമീപത്തുനിന്ന് സ്കൂട്ടർ കടത്തിയ കണ്ണൂർ സ്വദേശി അഫ്റാസ്, ബൈക്ക് ആക്രിക്കടയിലെത്തിച്ച വൈറ്റില ജനതാ ജംഗ്ഷന് സമീപമുള്ള ഷിയാബ് എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തു. പ്രതികളെ മരട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ചോദ്യംചെയ്യുന്നു.

മോഷണംപോയ സ്കൂട്ടർ ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊളിച്ചുമാറ്റാൻ കടത്തിയ നിരവധിഇരുചക്ര വാഹനങ്ങൾ ആക്രിക്കടയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു സംഘമായി തിരിഞ്ഞാണ് വാഹനങ്ങൾ കടത്തുന്നതും പൊളിച്ചുമാറ്റുന്നതും. അന്വേഷണം തുടരുകയാണെന്ന് മരട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL