SignIn
Kerala Kaumudi Online
Sunday, 14 June 2026 5.37 AM IST

പ്ല​സ് ​വ​ൺ​: ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​നാ​ളെ സീറ്റുകൾക്കായി കടുത്ത മത്സരം

plus2

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് നാളെ രാവിലെ 10ന് പ്രസിദ്ധീകരിക്കും. ജില്ലയിൽ ഇത്തവണ പ്ലസ് വൺ സീറ്റുകൾക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. വിവിധ സ്കൂളുകളിലായി ലഭ്യമായിട്ടുള്ള 23,477 സീറ്റുകളിലേക്ക് 34,769 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 4,347 അപേക്ഷകർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. ട്രയൽ ഘട്ടത്തിൽ ജില്ലയിലെ 22,353 സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടന്നു കഴിഞ്ഞു. നിലവിൽ പൊതുവിഭാഗത്തിൽ 1,124 ഒഴിവുകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 15 മുതൽ 17ന് വൈകിട്ട് 5 വരെ അതത് സ്കൂളുകളിൽ നടക്കും. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലെ അലോട്ട്മെന്റ് ഫലങ്ങളും ഇതോടൊപ്പം ലഭ്യമാകും. എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയ ഫലം കൂടി ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടിയിരിക്കണം. മറ്റ് ലോവർ ഓപ്ഷനുകൾ ലഭിച്ചവർക്ക് താത്പര്യപ്രകാരം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് നിലവിൽ ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം പോലും നേടാതിരുന്നാൽ വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. താത്കാലിക പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉയർന്ന ഓപ്ഷനുകളിൽ ചിലത് മാത്രമായി റദ്ദാക്കാം.

 അപേക്ഷ സമർപ്പിക്കാൻ അവസരം

പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം നടക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന നടപടികൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 അലോട്ട്മെന്റുകൾ അറിയാൻ

 അപേക്ഷകർക്ക് ഏകജാലക പ്രവേശന വെബ്‌സൈറ്റ് ആയ www.hscap.kerala.gov.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

 ജനറൽ സീറ്റുകളിലേക്ക് അപേക്ഷിച്ചവർ 'Candidate Login-SWS' ലോഗിൻ ചെയ്യുക

 മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്ക് അപേക്ഷിച്ചവർ 'Candidate Login-MRS' വഴി ലോഗിൻ ചെയ്ത് 'First Allot Results' എന്ന ലിങ്കിലൂടെ റിസൾട്ട് അറിയാം.

 അലോട്ട്മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററും ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനോടൊപ്പം നിശ്ചിത സമയത്തിനകം സ്കൂളുകളിൽ ഹാജരാകണം.

 വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ അതത് സ്കൂളുകളിൽ നിന്നും പ്രിന്റ് ചെയ്ത് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL