
കളമശേരി: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ലഹരി കൊടിമുടി കയറുമ്പോൾ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കളമശേരിയുടെ വിഖ്യാതടീമുകൾ വിസ്മൃതിയിൽ. കളമശേരി നിയോജക മണ്ഡലത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ട് , എച്ച്.എം.ടി, സ്വകാര്യ മേഖലയിലെ പ്രീമിയർ ടയേഴ്സ് കമ്പനികളുടെ ടീമുകൾ ഒരു കാലത്ത് രാജ്യത്തെ തന്നെ എണ്ണം പറഞ്ഞവയായിരുന്നു.
കേരളത്തിൽ ഫുട്ബാളിന്റെ സുവർണകാലം ഫാക്ട് ടീം കത്തിജ്വലിച്ച സമയത്താണ്. ഒളിമ്പ്യൻ സൈമൺ സുന്ദർരാജ്, കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ടീം ക്യാപ്ടൻ ടി.കെ.എസ്. മണി, ബാലകൃഷ്ണൻ, എം. ഒ. ജോസ്, ജോൺ കെ. ജോൺ, എം.എൽ ജേക്കബ്, എം.ആർ. ജോസഫ്, ആർ.കെ. പെരുമാൾ, അബ്ദുൾ ഗഫൂർ, ഫിലിപ്പ്, ജാഫർ തുടങ്ങിയവർ കളമശേരിയിലെയും ഏലൂരിലെയും ഗ്രൗണ്ടുകളിൽ നിറഞ്ഞവരുടെ പട്ടികയിലുണ്ട്.
നഷ്ടസ്മരണകൾ
ഫാക്ട്: കായിക രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പോർട്സ് ഓഫീസറെ നിയമിച്ച ആദ്യ സ്ഥാപനം ഫാക്ടാണ്. ഫാക്ടിന് മാത്രമായി ഉന്നതനിലവാരത്തിൽ നിർമ്മിച്ച അഞ്ച് ഫുട്ബാൾ ഗ്രൗണ്ടുകൾ ഉണ്ടായിരുന്നു. ഇവ ഇപ്പോൾ പരിപാലനമില്ലാതെ നാശത്തിന്റെ പാതയിലാണ്. ഫാക്ട് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഫുട്ബാൾ ടീം മുന്നോട്ടു പോകുന്നത്. രാജ്യത്ത് മുൻനിരയിൽ ഉണ്ടായിരുന്ന ക്രിക്കറ്റ്, ഹോക്കി, ഷട്ടിൽ ബാറ്റ്മിന്റൻ, വോളിബാൾ, ടേബിൾ ടെന്നീസ്, പഞ്ചഗുസ്തി, ബാസ്കറ്റ് ബാൾ ടീമുകൾ ക്രമേണ ഇല്ലാതായി.
എച്ച് എം. ടി.: കമ്പനി നഷ്ടത്തിലേക്ക് പോയതോടെ 80കളിലെ ഫുട്ബാൾ, വോളിബാൾ ടീമുകൾ ഓർമ്മകളിലായി.
പ്രീമിയർ ടയേഴ്സ്: കേരളത്തിന്റെ ഫുട്ബാൾ ചരിത്രത്തിലെ പ്രമുഖരായ വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, പ്രേംനാഥ്, സി.സി. ജാക്കോബ്, ഫിലിപ്പ്, സേവ്യർ പീയൂസ്, സി.ഡി. ഫ്രാൻസീസ് തുടങ്ങിയവർ പ്രീമിയർ ടീമിന്റേതാണ്. സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം ഉടമസ്ഥാവകാശം അപ്പോളോ ടയേഴ്സിന് കൈമാറുകയും ചെയ്തതോടെ ടീം ഇല്ലാതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |