SignIn
Kerala Kaumudi Online
Friday, 19 June 2026 1.17 AM IST

'പ്രോജക്ട് സീറോ' ഓപ്പറേഷൻ: 5,000 രൂപ കൈക്കൂലി, വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ പിടിയിൽ

prathi-
കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ ശിവപ്രസാദിനെ വിജിലൻസ് ഡിവൈ. എസ്. പി വി ഉണ്ണികൃഷ്ണനും സംഘവും പിടികൂടുന്നു

കാസർകോട്: അഴിമതിക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന “പ്രോജക്ട് സീറോ” പദ്ധതിയുടെ ഭാഗമായി ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. ഉപ്പള കൊടിബയൽ സ്വദേശിയായ കാഷ്വൽ സ്വീപ്പർ കെ. ശിവപ്രസാദിനെ (42) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്.

മംഗൽപ്പാടി സ്വദേശിയായ പരാതിക്കാരൻ ഉപാദ്ധ്യക്ഷനായ ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന ക്ഷേത്രത്തിന് ഒരു ഭക്തൻ സൗജന്യമായി നൽകിയ ഭൂമി ക്ഷേത്ര കമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കുന്നതിനാണ് ഒരു മാസം മുൻപ് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. ഭൂമിയുടെ നികുതി രേഖ പഴയ ഉടമയുടെ പേരിലായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും ഉടൻ നികുതി സ്വീകരിക്കാൻ സാധിക്കില്ലെന്നും സ്പെഷ്യൽ വില്ലേജ് ഓഫീസർ അറിയിച്ചതായാണ് വിവരം. ഇതിനിടെ ഓഫീസിൽ നിന്ന് മടങ്ങാനൊരുങ്ങിയ പരാതിക്കാരനെ സമീപിച്ച ശിവപ്രസാദ്, ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യം വേഗത്തിൽ ശരിയാക്കി നൽകാമെന്നും അതിന് ചിലവു വരുമെന്നും അറിയിച്ചുവെന്നാണ് പരാതി.

ഒരാഴ്ച മുമ്പ് പരാതിക്കാരൻ വീണ്ടും വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെ കണ്ടിരുന്നു. തുടർന്ന് ജൂൺ 11ന് സ്പെഷ്യൽ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലപരിശോധന നടത്തിയ ശേഷം പരാതിക്കാരനിൽ നിന്ന് 1,500 രൂപ കൈക്കൂലി വാങ്ങുകയും 5,000 രൂപ കൂടി പിന്നീട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ 16ന് രേഖകളുമായി വീണ്ടും വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരൻ ശിവപ്രസാദിനെയും സ്പെഷ്യൽ വില്ലേജ് ഓഫീസറെയും കണ്ടിരുന്നു. രേഖകൾ പരിശോധിച്ച ശേഷം ശിവപ്രസാദ് പലതവണ ഫോണിൽ ബന്ധപ്പെട്ട് 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
തുടർന്ന് പരാതിക്കാരൻ കാസർകോട് വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെ ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിന് മുൻവശത്ത് വെച്ച് പരാതിക്കാരനിൽ നിന്ന് 5,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ശിവപ്രസാദിനെ വിജിലൻസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ശിവപ്രസാദിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VIJILANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL