തൊടുപുഴ: കരിങ്കുന്നം കുഴിമറ്റത്തിന് സമീപം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് 9.969 കിലോ കഞ്ചാവും മൂന്ന് ബൈക്കും പിടിച്ചെടുത്തു. കരിങ്കുന്നം സ്വദേശികളായ കുന്നേൽവീട്ടിൽ ഷിൻസ് അഗസ്റ്റിൻ (29), കോടത്ത്തറയിൽ അശ്വൽ രാജ് (24), പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ്ജ് (40) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിങ്കുന്നം സ്വദേശി ശ്യാം സാഗർ (മോനായി) എന്നയാൾ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ പ്രതികൾ രണ്ട് കിലോയോളം തൂക്കം വരുന്ന അഞ്ച് പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിൽ ഷിൻസ്, ജിജോ എന്നിവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ലഹരി ഇടപാടുകൾ അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളുണ്ട്. കരിങ്കുന്നം പ്രിൻസിപ്പൽ എസ്.ഐ പി.കെ. രാജേഷ്, സി.പി.ഒമാരായ ശ്യാം, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |