
കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗതകേന്ദ്രമായി മാറുന്ന വൈറ്റിലയ്‌ക്ക് സമീപം പുതിയ സ്‌റ്റേഷൻ ഉൾപ്പെടെ റെയിൽവേയുടെ വികസനപദ്ധതികൾക്ക് വേഗതക്കുറവ്. എറണാകുളം നോർത്ത്, സൗത്ത്, ആലുവ, അങ്കമാലി സ്റ്റേഷൻ നവീകരണം ഉൾപ്പെടെ പദ്ധതികൾ ഇഴയുന്നു. കിഴക്കൻ മേഖലയ്‌ക്ക് പ്രതീക്ഷയായ ശബരിപാതയും ആശങ്കയിലാണ്.
ഹൈബി ഈഡൻ എം.പി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചെന്നൈയിൽ ചേർന്ന യോഗത്തിൽ യാത്രാക്ലേശം പരിഹരിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശങ്ങൾ ഉയർന്നു.
പുതിയ ടെർമിനൽ
വൈറ്റിലയ്‌ക്ക് സമീപം പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ പുതിയ ടെർമിനലാക്കാൻ 270 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ആറ് പ്ലാറ്റുഫോമുകളും അറ്റകുറ്റപ്പണികൾക്ക് മൂന്ന് പിറ്റ് ലൈനുകളും ട്രെയിൻ നിറുത്തിയിടാൻ സ്റ്റേബ്ലിംഗ് ലൈനുകളും അനുബന്ധസൗകര്യങ്ങളും പദ്ധതിയിലുണ്ട്. പദ്ധതിക്ക് റെയിൽവേ ബോർഡ് അനുമതി ലഭിച്ചിട്ടില്ല. റെയിൽവേ ബോർഡിന്റെ അനുമതിക്കായി ഒരുമാസത്തിനകം ഫയൽ സമർപ്പിക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.
സ്റ്റേഷൻ പണികൾ
എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷൻ വികസനം മന്ദഗതിയിലാണ്. അനുവദിക്കപ്പെട്ട പാസഞ്ചർ ഹോൾഡിംഗ് ഏരിയ നിർമ്മാണം വൈകുകയാണ്. സൗത്ത് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് രണ്ടുനിലകെട്ടിടം, കിഴക്ക് നാല് നിലകെട്ടിടം, മൾട്ടി ലെവൽ കാർ പാർക്കിംഗ് എന്നിവ ആറു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ടൗൺ (നോർത്ത്) സ്റ്റേഷൻ നവീകരണം, രണ്ടാം കവാടം എന്നിവയുടെ പണികൾ ഇഴയുകയാണ്. നിലവിലെ കരാറുകാരനെ ഒഴിവാക്കാൻ പുതിയ ടെൻഡർ സെപ്‌തംബറിൽ പ്രസിദ്ധീകരിക്കും. നിർമ്മാണങ്ങൾ 2028 ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് റെയിൽവെ പറഞ്ഞു.
ലക്ഷ്യങ്ങൾ ഇങ്ങനെ
എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന നടപ്പാലങ്ങൾ
നോർത്ത് സ്റ്റേഷനെയും ടൗൺ ഹാൾ മെട്രോയെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ രൂപകല്പന മെച്ചപ്പെടുത്തും
എറണാകുളം - ഷൊർണൂർ റൂട്ടിൽ 3, 4 പാത നടപടികൾ വേഗത്തിലാക്കും
എറണാകുളം - തുറവൂർ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും.
രവിപുരം അറ്റ്‌ലാന്റിസ് മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും
എറണാകുളം - ബെംഗളൂരു വന്ദേ ഭാരതിലെ എട്ടു കോച്ചുകൾ 16 ആക്കും
ശബരിയിൽ ആശങ്ക
കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴി കടന്നുപോകേണ്ട അങ്കമാലി -എരുമേലി ശബരിപാതയ്ക്ക് ബഡ്‌ജറ്റിൽ വിഹിതമില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നു. സ്ഥലം ഏറ്റെടുക്കാൻ രണ്ട് റവന്യൂ ഓഫീസുകൾ പുനരാരംഭിക്കുന്നതും തീരുമാനിച്ചിട്ടില്ല.
ട്രെയിനുകളിലും സ്റ്റേഷനുകളിലും ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും വിലയും കർശനമായി പരിശോധിക്കണം. മോശം ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈബി ഈഡൻ എം.പി
ശബരിപാതയ്‌ക്ക് ഈ വർഷം 200 കോടി രൂപയെങ്കിലും വകയിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
ബാബുപോൾ
ജനറൽ കൺവീനർ
ശബരിപാത ആക്ഷൻ കൗൺസിൽ ഫെഡറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |