SignIn
Kerala Kaumudi Online
Thursday, 02 July 2026 12.00 AM IST

വാട്ടർ അതോറിട്ടി എടുത്ത കുഴി അപകടക്കെണിയായി

road

മഞ്ചനാട് പാലത്തിന് സമീപം അപകടം പതിവ്

കോലഞ്ചേരി: തേക്കടി എറണാകുളം സംസ്ഥാനപാതയിൽ മഞ്ചനാട് പാലത്തിന് സമീപം വാട്ടർ അതോറിട്ടി പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിനായി എടുത്ത കുഴി അപകടക്കെണിയായി. കനത്ത മഴയെ തുടർന്ന് കുഴിയോട് ചേർന്നുള്ള റോഡിന്റെ ടാറിംഗിന് അടിയിലെ മണ്ണ് ഒലിച്ചുപോയതോടെ വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.

വാട്ടർ അതോറിട്ടിയുടെ മഞ്ചനാട് പമ്പ് ഹൗസിന് തൊട്ടുമുന്നിലായാണ് അപകടാവസ്ഥ നിലനിൽക്കുന്നത്. രണ്ട് വലിയ വാഹനങ്ങൾക്ക് പ്രയാസപ്പെട്ട് മാത്രം കടന്നുപോകാനാവുന്ന ഈ ഭാഗത്തിന്റെ ഇരുവശവും ആഴമേറിയ പാടശേഖരങ്ങളായതിനാൽ അപകടസാദ്ധ്യത ഏറെയാണ്.

ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന സംസ്ഥാനപാതയിലെ ഈ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണി നടത്താത്ത പക്ഷം റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴാൻ സാദ്ധ്യതയുണ്ട്.

രാത്രിയാത്ര അപകടം

അപകടസാദ്ധ്യത കണക്കിലെടുത്ത് ചുവന്ന റിബൺ കെട്ടി സ്ഥലം താത്കാലികമായി തിരിച്ചിട്ടുണ്ടെങ്കിലും സമീപത്തെ സ്ട്രീറ്റ്ലൈറ്റുകൾ പലതും പ്രവർത്തനരഹിതമായതിനാൽ രാത്രികാലത്ത് യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.

ഈ പ്രദേശം നേരത്തെ മുതൽ അപകടസാദ്ധ്യത കൂടുതലുള്ള മേഖലയായതിനാൽ റോഡിന്റെ ഇരുവശങ്ങളിലും ഇരുമ്പ് കൈവരികൾ സ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

പൊളിഞ്ഞുപോയ സംരക്ഷണഭിത്തി പാറക്കല്ലുകൾ ഉപയോഗിച്ച് ബലപ്പെടുത്തി ആവശ്യമായ രീതിയിൽ മണ്ണ് നിറച്ച് റോഡിന്റെ അരിക് സംരക്ഷിക്കുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, അതുവരെ വ്യക്തമായ അപകട മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ ദൃശ്യമാകുന്ന സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL