SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

 അഭിമന്യു രക്തസാക്ഷിത്വത്തിന് 8 വർഷം വിചാരണ നടപടികളിലേക്ക് കടന്ന് കോടതി

padam

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികളിലേക്ക് കോടതി. നാളെയാണ് അഭിമന്യുവിന്റെ എട്ടാം രക്തസാക്ഷിത്വദിനം. ജൂലായ് ആറിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. പ്രതികളെല്ലാം നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. സാക്ഷികൾക്ക് സമൻസയച്ച് വിചാരണയിലേയ്‌ക്ക് കടക്കും.

125 സാക്ഷികളുള്ള കേസിൽ ഒട്ടേറെപ്പേർ ഇപ്പോൾ വിദേശത്താണ്‌. ആറു പ്രതികളുടെ വിടുതൽ ഹർജികളും കൊലക്കുറ്റപത്രം മടക്കണമെന്ന ഒന്നാംപ്രതി ജെ.ഐ മുഹമ്മദിന്റെ ഹർജിയും കോടതി തള്ളിയിരുന്നു. ''നാൻ പെറ്റ മകനേ, എൻ കിളിയേ..." എന്ന് അമ്മ ഭൂപതി അന്ന് തൊണ്ടപൊട്ടി നിലവിളിച്ചപ്പോൾ, നീതി വേഗം നടപ്പാകുമെന്നാണ് സമൂഹം സാന്ത്വനിപ്പിച്ചത്. വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടു. വിചാരണ വേഗത്തിലാക്കാൻ ഭൂപതിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു.

വിധി പറയാൻ ഹൈക്കോടതി അനുവദിച്ച സമയപരിധിയും പിന്നിട്ട ശേഷമാണ് വിചാരണയുടെ പ്രാരംഭ നടപടി ആരംഭിച്ചത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ. ഇവർ ജാമ്യത്തിലാണ്. അഡ്വ. മോഹൻരാജാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.

മന:സാക്ഷിയെ നടുക്കിയ കൊല

2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ 'വർഗീയത തുലയട്ടെ' എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്.

വൈകാനുണ്ടായ കാരണങ്ങൾ

1. അഭിമന്യുവിന്റെ നെഞ്ചിൽ കഠാരയിറക്കിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മരട് നെട്ടൂർ മേക്കാട്ട് വീട്ടിൽ സഹൽ രണ്ടുവർഷത്തിന് ശേഷമാണ് കീഴടങ്ങിയത്

2. 2019ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കൊവിഡ് കാലത്ത് പ്രതികളെ ഒന്നിച്ച് കോടതിയിൽ എത്തിക്കാനായില്ല

3. നടിയെ ആക്രമിച്ച കേസിന്റെ വാദവും വിസ്താരവും ഇതേ കോടതിയിൽ പൂർത്തിയാക്കേണ്ടിവന്നു

4. കുറ്റപത്രവും മറ്റും 2019ൽ വിചാരണക്കോടതിയിൽ നിന്ന് കാണാതായി. 2023 സെപ്തംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇവ പുനർനിർമ്മിക്കേണ്ടിവന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ABHIMANYU MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL