ചെങ്ങന്നൂർ : സംസ്ഥാന സർക്കാർ ലോട്ടറിയുടെ മറവിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാജ ലോട്ടറി നടത്തി പണംതട്ടിയ സംഘത്തെ വെൺമണി പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ മുകുന്ദപുരം പുത്തൻചിറ കൊമ്പത്തുകടവ് തറയപുളത്ത് വീട്ടിൽ സഹോദരങ്ങളായ ബിനോയ് (35), ബിജോയ് (38), ചെങ്ങന്നൂർ ചെറിയനാട് കടയിക്കാട് ആനന്ദഭവനത്തിൽ ഷാജി ഗോപാലകൃഷ്ണൻ (46), ചെറുവല്ലൂർ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരാണ് അറസ്റ്റിലായത്. 'എഴുത്തു ലോട്ടറി' എന്ന പേരിൽ വാട്‌സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഗ്രൂപ്പംഗങ്ങളിൽ നിന്ന് നാലക്ക നമ്പറുകൾ സ്വീകരിച്ച് ഓരോ നമ്പറിനും 35 രൂപ വീതം ക്യുആർ കോഡ് വഴി പണം ഈടാക്കിയിരുന്നു. സർക്കാർ ലോട്ടറിയുടെ ഫലം അടിസ്ഥാനമാക്കി നടത്തിയ വാതുവെപ്പിൽ വിജയികളായവർക്ക് പണം നൽകുകയായിരുന്നു ഇവരുടെ രീതി.
വിശ്വാസ്യത ഉറപ്പിക്കുന്നതിനായി വിജയികൾക്ക് ഗൂഗിൾ പേ വഴി കൃത്യമായി സമ്മാനത്തുക കൈമാറിയിരുന്നു. ഇതുവഴി കൂടുതൽ ആളുകളെ തട്ടിപ്പിലേക്ക് ആകർഷിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെൺമണി പൊലീസ് ഇൻസ്‌പെക്ടർ പി.രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രതികളെ ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തൃശൂർ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശരാജ്യങ്ങളിൽ നിന്നുള്ള ബന്ധങ്ങളോടെയും ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുസംഘങ്ങൾ സജീവമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ ഖജനാവിലേക്ക് എത്തേണ്ട വൻതുകയാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെടുന്നതെന്നും സർക്കാർ ലോട്ടറി വിൽപനയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ വരുമാനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
'എഴുത്തു ലോട്ടറി'
പ്രവർത്തന രീതി : സാധാരണയായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്നോ നാലോ അക്കങ്ങൾ പ്രവചിച്ചാണ് ഇതിൽ ആളുകൾ പണം മുടക്കുന്നത്. നിങ്ങൾ പ്രവചിക്കുന്ന നമ്പറുകൾ ലോട്ടറി ഫലവുമായി ഒത്തുപോയാൽ വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്നാണ് വാഗ്ദാനം.
നിയമവിരുദ്ധം: ഇത് തികച്ചും നിയമവിരുദ്ധമാണ്. കേരള സർക്കാരിന്റെ അംഗീകൃത ലോട്ടറികൾ മാത്രമേ സംസ്ഥാനത്ത് നിയമപരമായി വിൽക്കാൻ അനുമതിയുള്ളൂ. എഴുത്തു ലോട്ടറി നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
വഞ്ചനയ്ക്കുള്ള സാധ്യത: ഇത്തരം സംഘങ്ങൾക്ക് യാതൊരുവിധ നിയമപരമായ അടിത്തറയോ സുരക്ഷിതത്വമോ ഇല്ല. പലപ്പോഴും സമ്മാനത്തുക നൽകാതെ സംഘാടകർ മുങ്ങുന്നതും, വലിയ രീതിയിൽ ആളുകൾ വഞ്ചിക്കപ്പെടുന്നതും സാധാരണയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |