SignIn
Kerala Kaumudi Online
Thursday, 09 July 2026 11.12 PM IST

ഭൂതത്താൻകെട്ട് കാത്തിരിക്കുന്നു, നിർദ്ദിഷ്ട ഫിലിം സിറ്റിക്കായി

bhoothathankettu

കോതമംഗലം: നിർദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാൻ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിനെ പരിഗണിക്കണമെന്ന് ആവശ്യം ഉയരുന്നു. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഭൂതത്താൻകെട്ടിന്റെ സാദ്ധ്യത ഉയർത്തികൊണ്ടുവരുന്നത്. ഫിലിംസിറ്റിക്ക് അനുയോജ്യമായ ഒട്ടേറെ ഘടകങ്ങൾ ഭൂതത്താൻകെട്ടിലും പരിസരങ്ങളിലുമായുണ്ട്. പെരിയാറും തടാകങ്ങളും മലകളും പ്ലാന്റേഷനും നിബിഢ വനവും പുൽമേടും താഴ്‌വാരങ്ങളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും അടക്കം പ്രകൃതിയുടെ വിവിധ ഭാവങ്ങൾ സിനിമകൾക്കായി ഒപ്പിയെടുക്കാൻ സാധിക്കും. ഇടമലയാർ,വടാട്ടുപാറ, തട്ടേക്കാട്, നേര്യമംഗലം, കുട്ടമ്പുഴ, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മാമലകണ്ടം തുടങ്ങി സിനിമകൾക്ക് ലൊക്കേഷനുകളാക്കാവുന്ന പ്രദേശങ്ങളാണ് ചുറ്റുപാടുമുള്ളത്. ഫിലിം സിറ്റിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി സ്ഥല ലഭ്യതയും ഉറപ്പാക്കാൻ കഴിയും.

ജലവിഭവ വകുപ്പിന്റെ ഏക്കർകണക്കിന് ഭൂമി ഫിലിം സിറ്റിക്കായി ഉപയോഗപ്പെടുത്താൻ കഴിയും. ജലവിഭവവകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും കെട്ടിടങ്ങളുൾപ്പടെയുള്ള മറ്റ് സൗകര്യങ്ങളും ടൂറിസം പദ്ധതിക്കായി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാൻ തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഫിലിം സിറ്റിക്ക് ഭൂമി കൈമാറുന്നതിൽ സാങ്കേതിക-നിയമ തടസങ്ങളുണ്ടാകാനുമിടയില്ല. വ്യവസായ വകുപ്പിന്റെ കീഴിലും ഇവിടെ സ്ഥലമുണ്ട്. ഏറ്റെടുക്കാൻകഴിയുന്ന സ്വകാര്യഭൂമിയും ധാരാളമുണ്ട്.

ഭൂതത്താൻകെട്ടിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ഒട്ടേറെ സിനിമകൾക്ക് ലൊക്കേഷൻ ഒരുക്കിയിട്ടുണ്ട്. നസീർ - ജയൻ കാലഘട്ടംമുതൽ ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളും യുവതാരങ്ങളുംവരെ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിൽ നിരവധിയാണ്. ഫിലിം സിറ്റിക്കായി ഭൂതത്താൻകെട്ടിനെ പരിഗണിക്കുന്നതിനോട് സിനിമാ മേഖലയ്ക്കും എതിർപ്പുണ്ടാകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.

വർഷങ്ങൾക്ക് മുമ്പ് മിനി ഫിലിം സിറ്റി എന്നൊരു ആശയം ഭൂതത്താൻകെട്ടിൽ യാഥാർത്ഥ്യമാക്കാൻ ശ്രമം നടന്നിരുന്നു. പെരിയാർവാലിയുടെ ഭൂമിയും കെട്ടിടങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് ഏകദേശ ധാരണയും ഉണ്ടായതാണ്. എന്നാൽ നടപടികൾക്ക് തുടർച്ചയുണ്ടാകാതിരുന്നത് വിനയായി. പദ്ധതി നടപ്പാക്കുന്നതിനുള്ള ഇടപെടൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല.

ഫിലിം സിറ്റിക്ക് അനുയോജ്യമായ പല ഘടകങ്ങളും ഭൂത്തത്താൻകെട്ടിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പരിഗണിക്കപ്പെട്ടേക്കാം.

സാബു ചെറിയാൻ,

മുൻ ചെയർമാൻ,

ചലച്ചിത്ര വികസന

കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL